സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ ഹൃദ്രോഗികള്‍ വരാന്തയില്‍

സ്വന്തം പ്രതിനിധി

കോഴിക്കോട്: മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഹൃദ്രോഗികള്‍ വരാന്തയില്‍. ഒരു പായ വിരിക്കാനുള്ള ഇടം കാത്ത് ക്യൂനില്‍ക്കുകയാണ് നൂറോളം പേര്‍. ഹൃദയത്തിന് ഗുരുതരമായ രോഗം ബാധിച്ചവരാണ് എല്ലാവരും. നാളെയോ മറ്റെന്നാളോ ശസ്ത്രക്രിയ വേണ്ടവര്‍വരെയുണ്ട് കൂട്ടത്തില്‍. കാര്‍ഡിയോളജി വിഭാഗത്തിലെ അവസ്ഥയാണിത്. ഇവിടെ ആകെ രണ്ടു വാര്‍ഡുകളാണുള്ളത്. പുരുഷന്‍മാരുടെ വാര്‍ഡില്‍ 27 ഉം സ്ത്രീകളുടെ വാര്‍ഡില്‍ 17 ഉം കിടക്കകളാണുള്ളത്. ഇതു കൂടാതെ ഐസിയുവില്‍ 15 കിടക്കകള്‍ വേറേയും ശരാശരി നാനൂറോളം വരുന്ന രോഗികളില്‍ ബാക്കിയുള്ളവര്‍ വരാന്തയില്‍ അവിടെയും ഇടംകിട്ടാത്തവര്‍ പുറത്തു കാത്തുനില്‍ക്കുന്നു. ഐസിയുവില്‍ കിടക്കുന്നവരുടെ നിലയില്‍ ഭേദമുണ്ടായാല്‍ ഉടനെ വാര്‍ഡിലേക്ക് മാറ്റും. വാര്‍ഡിലുള്ളവരുടെ കൂട്ടത്തില്‍ സ്ഥിതി മെച്ചപ്പെട്ടയാളെ വരാന്തയിലേക്ക് മാറ്റും. കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ രണ്ടുവാര്‍ഡുകള്‍ക്കുള്ള സ്ഥലം ഉണ്ടെങ്കിലും അവിടെ കിടക്കയോ മറ്റുസൗകര്യങ്ങളോ വെള്ളമോ വെളിച്ചമോ ഇല്ല. ജീവനക്കാരുമില്ല. എട്ടാം നിലയിലുള്ള കെട്ടിടം സൂപ്പര്‍ സ്‌പെഷ്യാലിറ്റിക്കുവേണ്ടിയാണെന്നു പറയുന്നുണ്ടെങ്കിലും സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ പെടാത്ത മറ്റു പല വകുപ്പുകളും ഈകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കെട്ടിടത്തിന്റെ സ്ഥിതിയും പരിതാപകരമാണ്. മഴ പെയ്താല്‍ ചോരുന്ന അവസ്ഥ. കഴിഞ്ഞതവണത്തെ മഴയില്‍ കാത്ത്‌ലാബ് അടക്കം വെള്ളത്തിലായിരുന്നു. നടക്കാനിരുന്ന ആന്‍ജിയോപ്ലാസ്റ്റി മാറ്റിവയ്‌ക്കേണ്ടിയും വന്നു. മൂന്ന് യൂനിറ്റുകളിലായി ഏഴ് ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭിക്കുന്നുണ്ട്. നഴ്‌സുമാരുടെ എണ്ണം വളരെ കുറവ്. ഒരു ഷിഫ്റ്റില്‍ രണ്ടു പേരു മാത്രം. അഞ്ചു പേര്‍ ആവശ്യമുള്ളപ്പോഴാണ് ഈ അവസ്ഥ. ആഴ്ചയില്‍ മൂന്നു ദിവസമേ ഈ വിഭാഗത്തില്‍ ഒ പി പ്രവര്‍ത്തിക്കുന്നുള്ളൂവെങ്കിലും ഒരു പാടു രോഗികള്‍ വിവിധ ജില്ലകളില്‍ നിന്നായെത്തുന്നുണ്ട്. ഗുരുതരരോഗങ്ങളുമായെത്തുന്നവര്‍ വരാന്തയില്‍ കിടക്കേണ്ട സ്ഥിതി ഇവിടെ മാത്രമേയുള്ളൂ. ഹൃദ്രോഗ വിഭാഗത്തില്‍ രണ്ടാമത്തെ കാത്ത്‌ലാബ് സ്ഥാപിക്കുവാന്‍ തീരുമാനമായിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ഇതുവരെ പ്രവര്‍ത്തനം തുടങ്ങാന്‍ സാധിച്ചില്ല. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം പതിന്‍മടങ്ങ് വര്‍ധിച്ചിട്ടും ആന്‍ജിയോപ്ലാസ്റ്റിക് മാസങ്ങളുടെ കാത്തിരിപ്പ് തുടരുകയാണ്.

RELATED STORIES

Share it
Top