സൂചനാ ബോര്‍ഡുകള്‍ മറച്ച് തട്ടുകടകള്‍ ഉയരുന്നു

പൊന്നാനി: കാളാച്ചാല്‍ - പന്താവൂര്‍ സംസ്ഥാനപാതയില്‍ തട്ടുകടകള്‍ റോഡില്‍ സ്ഥാപിച്ച സൂചനാ ബോര്‍ഡുകള്‍ മറച്ച് പുതിയ ഷെഡുകള്‍ ഉയര്‍ത്തുന്നു. പൊതുമരാമത്തിന്റെ സ്ഥലത്താണ് മരങ്ങള്‍ മുറിച്ച് കൈയേറ്റം. ഇതുമൂലം യാത്രക്കാര്‍ക്ക് സ്ഥലങ്ങളുടെ പേരുകള്‍ വെച്ച ബോര്‍ഡുകള്‍ പോലും കാണാന്‍ കഴിയുന്നില്ല. പന്താവൂര്‍ മുതല്‍ കാളാച്ചാല്‍ വരെയുള്ള പാതയോരത്തെ അര കിലോമീറ്റര്‍ ഭാഗത്ത് 12 ഓളം തട്ടുകടകളാണ് പ്രവര്‍ത്തിക്കുന്നത്.
ഓരോരുത്തരും മുമ്പ് സൗഹാര്‍ദ്ദപരമായാണ് കച്ചവടം ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ എന്നും വഴക്കും തര്‍ക്കവുമാണ്. പാതയോരത്ത് വനിതകള്‍ നടത്തുന്ന തട്ടുകടയെ മാനസികമായി തളര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ് ചില കച്ചവടക്കാരെന്ന് ഇവര്‍ പരാതിപ്പെടുന്നു. ചിലര്‍ പൊതുസ്ഥലം കൈയേറി അതിരിട്ട് സ്വന്തം സാമ്രാജ്യം സ്ഥാപിച്ചിരിക്കുകയാണ്. ഇവിടെ വാഹനങ്ങള്‍ പോലും പാര്‍ക്ക് ചെയ്യാന്‍ സമ്മതിക്കാറില്ല. യാത്രക്കാര്‍ ഇതറിയാതെ പാര്‍ക്ക് ചെയ്താല്‍ ഇതിനെച്ചൊല്ലി കച്ചവടക്കാര്‍ വഴക്കിടുകയും ചെയ്യും. പലപ്പോഴും തെറികളും ചീത്തകളും കേട്ടാണ് ഇവിടെ കച്ചവടം ചെയ്യുന്നതെന്ന് ഇയാള്‍ പറയുന്നു.
കയ്യൂക്കുള്ളവര്‍ കാര്യക്കാരാവുന്ന സ്ഥിതിയാണിവിടെ. പ്രളയത്തിന് ശേഷം ഇവിടെ കച്ചവടം നടത്താന്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് സ്ഥലത്തെത്തിയിരുന്നു.എന്നാല്‍ പിന്നീട് കച്ചവടക്കാര്‍ ഷെഡുകള്‍ കട്ടി സ്ഥലം പിടിക്കുകയാണ്. മുമ്പ് ഇവിടുത്തെ കച്ചവടക്കാരില്‍ ചിലര്‍ മല്‍സ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഐസുകള്‍ ഉപയോഗിച്ചത് ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. ഹോട്ടലുകള്‍, ചായക്കടകള്‍, തട്ടുകടകള്‍, ജ്യൂസ് കടകള്‍ ഉള്‍പ്പെടെ 12 ലധികം കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

RELATED STORIES

Share it
Top