സൂചനാ ബോര്‍ഡും കൈവരിയുമില്ല; റോഡരികിലെ കുളം ആശങ്കയുണര്‍ത്തുന്നു

പട്ടാമ്പി: കൊപ്പം പേങ്ങാട്ടിരി മുളയങ്കാവ് റോഡിന്റെ വശത്തുള്ള രണ്ട് വലിയകുളങ്ങള്‍ വന്‍ അപകട ഭീഷണിയില്‍. എറണാകുളം മരടില്‍ ഉണ്ടായ അപകടം ഇവിടെയും ആവര്‍ത്തിക്കാന്‍ സാധ്യത ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അമിത വേഗതയിലെത്തുന്ന വാഹനങ്ങള്‍ അല്‍പം വഴിമാറിയാല്‍ ഈ കുളങ്ങളില്‍ ചെന്ന് വീഴാന്‍ സാധ്യതയുണ്ട്.
ആഞ്ഞികുളം, എരുമപ്പെട്ടികുളം എന്നിവയാണ് രണ്ടുകുളങ്ങള്‍. റോഡുപണി കഴിഞ്ഞ് മാസങ്ങള്‍ ആയിട്ടും ഈ റോഡില്‍ അത്യാവശ്യമായ സിഗ്‌നല്‍ ബോഡുകള്‍ സ്ഥാപിച്ചിട്ടില്ല. ഇതിലൂടെ നിരവധി വാഹനങ്ങള്‍ കടന്നു പോവുന്നുണ്ട്. യാതൊരു വളവും തിരിവുമില്ലാതെ ഉള്ള റോഡായതു കൊണ്ട് നല്ല വേഗതയിലാണ് വണ്ടികളുടെ സഞ്ചാരം.
സമീപ പ്രദേശങ്ങളിലുളള റോഡുകളൊക്കെ കുണ്ടും കുഴിയുമായി സഞ്ചാരയോഗ്യമല്ലാത്തതിനാല്‍ ഈറൂട്ടില്‍ ഏതുമയത്തും വാഹനങ്ങളുടെ തിരക്കാണ്. ഇവിടെ ഒരു സ്‌ക്കൂള്‍ ഉണ്ട്. അവിടെയും സിഗ്‌നല്‍ ബോഡില്ല. സ്‌കൂളിലെ പിടിഎ ഭാരവാഹികള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് പലതവണ പരാതി നല്‍കിയിരുന്നു. ബന്ധപ്പെട്ട ജനപ്രതിനിധികളും, അധികാരികളും ദിവസേന ഇതിലുടെ യാത്ര ചെയ്യുന്നു. ഇത് വരേയും ഒരു പരിഹാര നടപടികളും സ്വീകരിക്കാന്‍ അധികൃതര്‍ ശ്രമിച്ചില്ലെന്ന് നാട്ടുകാരും പരാതിപ്പെട്ടു.

RELATED STORIES

Share it
Top