സുഹ്‌റബുദ്ദീന്‍ വധക്കേസ്: വധഭീഷണി നേരിടുന്നതായി സാക്ഷി

ന്യൂഡല്‍ഹി: സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ സാക്ഷി വധഭീഷണി നേരിടുന്നതായി കോടതിയില്‍. സാക്ഷിമൊഴി നല്‍കരുതെന്ന് ആവശ്യപ്പെട്ടു പലയിടങ്ങളില്‍ നിന്നും ഭീഷണി ഉയരുന്നതായി തിങ്കളാഴ്ചയാണു ഭാര്യ മുഖേന കോടതിയില്‍ കത്ത് നല്‍കിയത്. ഹമീദ് ലാല കൊലപാതകക്കേസിലെ പ്രതി കൂടിയാണു സുഹ്‌റബുദ്ദീന്‍ വധക്കേസിലെ സാക്ഷി. ഇദ്ദേഹം പേരു വെളിപ്പെടുത്തിയിട്ടില്ല. സുഹ്‌റബുദ്ദീനിന്റെയും പ്രജാപതിയുടെയും കൂടെ ഉദയ്പൂര്‍ സെന്‍ട്രല്‍ ജയിലിലുണ്ടായിരുന്നയാളാണു സാക്ഷി. സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ക്കേസിലെ ദൃക്‌സാക്ഷിയായിരുന്ന തുളസീറാം പ്രജാപതിയും വ്യാജ ഏറ്റുമുട്ടിലിലാണു കൊല്ലപ്പെട്ടത്.
വ്യാജ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട സത്യങ്ങളെക്കുറിച്ച് അറിയാമെന്നും സുരക്ഷ ലഭിച്ചാല്‍ കോടതിയില്‍ അവ വ്യക്തമാക്കുമെന്നും സാക്ഷി കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ കോടതിയില്‍ ഹാജരാവുന്നതോടെ താനും ഇത്തരത്തില്‍ കൊല്ലപ്പെടും. കെട്ടിച്ചമച്ച കേസുകള്‍ക്കിരയാവാന്‍ സാധ്യതയുണ്ടെന്നും കത്തില്‍ പറയുന്നു.സമ്മര്‍ദ്ദത്തിലാക്കാന്‍ പോലിസ് അഞ്ച് വ്യാജ കേസുകള്‍ എടുത്തു. കേസില്‍ സാക്ഷിയായി എത്താതിരിക്കാനുള്ള നടപടികളാണിത്. പോലിസും രാഷ്ട്രീയക്കാരും ചേര്‍ന്നു സമ്മര്‍ദ്ദത്തിലാക്കിയെന്നും സംരക്ഷണം ലഭിക്കയാണെങ്കില്‍ സാക്ഷിപറയാനെത്തുമെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. ഈയാഴ്ചയാണു സാക്ഷിമൊഴി കോടതിയില്‍ രേഖപ്പെടുത്തേണ്ടത്.
സുഹ്‌റബുദ്ദീന്‍ ശെയ്ഖിനെയും ഭാര്യ കൗസര്‍ബിയെയും ഗുജറാത്ത് പോലിസിന്റെ തീവ്രവാദവിരുദ്ധ സംഘം 2005 നവംബറില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നു. പ്രതിയായിരുന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷാ കോടതിയില്‍ ഹാജരാവാതിരുന്നത് കേസ് പരിഗണിച്ച സിബിഐ കോടതി ജഡ്ജി ബി എച്ച് ലോയ ചോദ്യംചെയ്തിരുന്നു. ഇതിനു പിന്നാലെ ലോയയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

RELATED STORIES

Share it
Top