സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം: പ്രതി അറസ്റ്റില്‍

ചങ്ങനാശ്ശേരി: പോലിസ് സ്‌റ്റേഷനു സമീപം കടത്തിണ്ണയില്‍ കിടന്നുറങ്ങിയ ആളെ ഹോളോബ്രിക്‌സ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വാഴപ്പള്ളി മറ്റം മുണ്ടക്കല്‍ തോമസുകുട്ടിയുടെ മകന്‍ സജീവ് തോമസ്(34) ആണ് അറസ്റ്റിലായത്. ഇയാളെ  ഇന്നു കോടതിയില്‍ ഹാജരാക്കും. ഇയാള്‍ 2011ല്‍ മാതാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ അനുഭവിച്ച ആളാണ്.
ചങ്ങനാശ്ശേരി തൃക്കൊടിത്താനം ചക്രാകുന്നില്‍ ചന്ദ്രാലയത്തില്‍ ഗോപിയെ (കണിയാന്‍ ഗോപി-65) യാണ് വെള്ളിയാഴ്ച രാത്രി കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. ഗോപിയും സജീവും സുഹൃത്തുക്കളും മദ്യപിക്കുകയും ഒരുമിച്ചു കടത്തിണ്ണയില്‍ കിടന്നുറങ്ങുന്നതും പതിവായിരുന്നു. ഇവര്‍ മയക്കുമരുന്നുകള്‍ക്കും അടിമകളായിരുന്നു. ഇതിനിടയില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ഗോപിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നുവെന്നും പ്രതി പറഞ്ഞതായി പോലിസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി 11.45നു സംഭവസ്ഥലത്തിനു സമീപത്തുള്ള കെട്ടിടത്തില്‍ നിന്ന് ഹോളോബ്രിക്‌സ് എടുത്തുകൊണ്ടുവന്നാണ് കൃത്യം നടത്തിയത്. ഡിവൈഎസ്പി ആര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ സിഐ കെ പി വിനോദ്, എസ്‌ഐ ഷമീര്‍ഖാന്‍, ഷാഡോ പോലിസ് അംഗങ്ങളായ കെ കെ റെജി, അന്‍സാരി, ബിജുകുട്ടന്‍ എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

RELATED STORIES

Share it
Top