സുഷമ സ്വരാജ് സൗദി രാജാവുമായി കൂടിക്കാഴ്ച നടത്തി

റിയാദ്: വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസുമായി കൂടിക്കാഴ്ച നടത്തി. സൗദിയിലെ സാംസ്‌കാരിക മഹോത്സവമായ ജനാദരിയ ഫെസ്റ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് കൂടിക്കാഴ്ച നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ചും വിവിധ മേഖലകളിലെ സഹകരണത്തെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.നാഷണല്‍ ഗാര്‍ഡ് സംഘടിപ്പിച്ച ജനാദരിയ ഫെസ്റ്റ് സുഷമ സ്വരാജിന്റെ സാന്നിധ്യത്തില്‍ സൗദി രാജാവ് ഉദ്ഘാടനം ചെയ്തു. ജനാദരിയ ഫെസ്റ്റിലേക്ക് ഇന്ത്യയെ വിശിഷ്ടാതിഥിയായി ക്ഷണിച്ചതിന് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവര്‍ക്ക് സുഷമ സ്വരാജ് ചടങ്ങില്‍ നന്ദി പറഞ്ഞു. 2016ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചരിത്രപരമായ സൗദി സന്ദര്‍ശനമാണ് ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തില്‍ വഴിത്തിരിവായതെന്ന് സുഷമ സ്വരാജ് പറഞ്ഞു. ഉഭയകക്ഷി ബന്ധം കൂടുതല്‍ ഊഷ്മളമായതിന്റെ അടയാളമാണ് ജനാദ്രിയ ഫെസ്റ്റിവലിലേക്ക് അതിഥി രാഷ്ട്രമായി ഇന്ത്യയ്ക്ക് ലഭിച്ച ക്ഷണമെന്നും സുഷമ കൂട്ടിച്ചേര്‍ത്തു. വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതു സംബന്ധിച്ചും സുഷമ സൗദി നേതാക്കളുമായി ചര്‍ച്ച നടത്തി.ആഗോള കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും ഒരുമിച്ചു നിലക്കുന്ന കാര്യവും ഇരുവരും ചര്‍ച്ച ചെയ്തു. ഭീകരവാദം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണയും സുഷമ സ്വരാജ് അറിയിച്ചു. മേഖലയിലെ വെല്ലുവിളികള്‍ക്കും നശീകരണ ശക്തികള്‍ക്കുമിടയില്‍ രാജ്യത്തെ രാഷ്ട്രീയമായും സുരക്ഷാകാര്യങ്ങളിലും സാമ്പത്തികമായും മുന്നോട്ടുനയിക്കാന്‍ സൗദി ഭരണനേതൃത്വത്തിന് സാധിച്ചതായി അവര്‍ പറഞ്ഞു.ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും അനിവാര്യമാണെന്നും അവര്‍ ഓര്‍മിപ്പിച്ചു.
പുരാതന അറബ് സംസ്‌കൃതിയുടെ അടയാള ചിഹ്നമായ ഒട്ടകയോട്ടത്തോടെയായിരുന്നു 21 ദിവസം നീണ്ടു നില്‍ക്കുന്ന ഉല്‍സവത്തിന് തുടക്കമായത്. ഇന്ത്യയ്ക്ക് പുറമെ, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഉദ്ഘാടനച്ചടങ്ങില്‍ സന്നിഹിതരായി. ജനാദരിയ ഫെസ്റ്റില്‍ രാജ്യത്തെ പദ്ധതികളും സംസ്‌കാരിക ചരിത്രവും ഉള്‍പ്പെടെ അവതരിപ്പിക്കുന്ന ഇന്ത്യയുടെ പവലിയനില്‍ 'സൗദി കാ ദോസ്ത് ഭാരത്' എന്നതായിരുന്നു പ്രമേയം. മലയാളികള്‍ ഉള്‍പ്പെടെയുള്ള കലാകാരന്മാര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. ഇന്ത്യയുടെ തനത് സംസ്‌കാരം വിളിച്ചുണര്‍ത്തുന്ന കലാപരിപാടികളായിരുന്നു വേദിയില്‍ അരങ്ങേറിയത്.

RELATED STORIES

Share it
Top