സുഷമ സ്വരാജ് സൗദി രാജാവുമായി കൂടിക്കാഴ്ച നടത്തി

റിയാദ്: വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസുമായി കൂടിക്കാഴ്ച നടത്തി. സൗദിയിലെ സാംസ്‌കാരിക മഹോല്‍സവമായ ജനാദരിയ ഫെസ്റ്റിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതാണ് മന്ത്രി സുഷ മ. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും വിവിധ മേഖലകളിലെ സഹകരണത്തെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ചചെയ്തു.നാഷനല്‍ ഗാര്‍ഡ് സംഘടിപ്പിച്ച ജനാദരിയ ഫെസ്റ്റ് സുഷമ സ്വരാജിന്റെ സാന്നിധ്യത്തില്‍ സൗദി രാജാവ് ഉദ്ഘാടനം ചെയ്തു. ജനാദരിയ ഫെസ്റ്റിലേക്ക് ഇന്ത്യയെ വിശിഷ്ടാതിഥിയായി ക്ഷണിച്ചതിന് സുഷമ സ്വരാജ് ചടങ്ങില്‍ നന്ദി പറഞ്ഞു. 2016ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചരിത്രപരമായ സൗദി സന്ദര്‍ശനമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വഴിത്തിരിവായതെന്ന് സുഷമ സ്വരാജ് പറഞ്ഞു. ഈ ബന്ധം കൂടുതല്‍  ദൃഢമാക്കുന്നതിന് ജനാദരിയ ഫെസ്റ്റ് അവസരമൊരുക്കിയതായും സുഷമ കൂട്ടിച്ചേര്‍ത്തു. വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതു സംബന്ധിച്ചും സുഷമ സൗദി നേതാക്കളുമായി ചര്‍ച്ച നടത്തി. ആഗോള കാര്യങ്ങളില്‍ ഇരുരാജ്യങ്ങളും ഒരുമിച്ചുനില്‍ക്കുന്ന കാര്യവും ഇരുവരും ചര്‍ച്ചചെയ്തു. ഭീകരവാദം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണയും സുഷമ സ്വരാജ് അറിയിച്ചു.ജനാദരിയ ഫെസ്റ്റില്‍ രാജ്യത്തെ പദ്ധതികളും സാംസ്‌കാരിക ചരിത്രവും ഉള്‍പ്പെടെ അവതരിപ്പിക്കുന്ന ഇന്ത്യയുടെ പവലിയനില്‍ 'സൗദി കാ ദോസ്ത് ഭാരത്' എന്നതായിരുന്നു പ്രമേയം. മലയാളികള്‍ ഉള്‍പ്പെടെയുള്ള കലാകാരന്മാര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. ഇന്ത്യയുടെ തനത് സംസ്‌കാരം വിളിച്ചുണര്‍ത്തുന്ന കലാപരിപാടികളായിരുന്നു വേദിയില്‍ അരങ്ങേറിയത്.

RELATED STORIES

Share it
Top