സുഷമ സ്വരാജിന്റെ യൂറോപ്യന്‍ പര്യടനം തുടങ്ങി

റോം: യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ പര്യടനം തുടങ്ങി. ജൂണ്‍ 23 വരെ നീളുന്ന ഏഴു ദിവസത്തെ പര്യടനത്തില്‍ ഇറ്റലി, ഫ്രാന്‍സ്, ലക്‌സംബര്‍ഗ്, ബെല്‍ജിയം എന്നീ രാജ്യങ്ങളിലാണു സുഷമ സ്വരാജ് സന്ദര്‍ശനം നടത്തുക. ഇറ്റലിയാണ് ആദ്യം സന്ദര്‍ശിക്കുക. പ്രധാനമന്ത്രി ജൂസപ്പെ കോണ്ടി അധികാരമേറ്റതിനു ശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കൂടിക്കാഴ്ച നടത്തുന്നത്. 18ന് ഫ്രാന്‍സിലെത്തും. രണ്ടു ദിവസം ഫ്രാന്‍സില്‍ ചെലവഴിക്കുന്ന സുഷമ ഫ്രഞ്ച് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യ-ഫ്രാന്‍സ് നയതന്ത്ര ബന്ധത്തിന്റെ 20ാം വാര്‍ഷികം ആഘോഷിക്കുന്ന വേള കൂടിയാണിത്.19, 20 തിയ്യതികളിലാണ് ലക്‌സംബര്‍ഗ് സന്ദര്‍ശനം. ഇന്ത്യയില്‍ നിന്നു ചരിത്രത്തിലാദ്യമായാണ് ഒരു വിദേശകാര്യമന്ത്രി ലക്‌സംബര്‍ഗ് സന്ദര്‍ശിക്കുന്നത്. 20, 23 ദിവസങ്ങളില്‍ ബെല്‍ജിയം സന്ദര്‍ശിക്കുന്ന സുഷമ, യൂറോപ്യന്‍ കമ്മീഷന്റെയും യൂറോപ്യന്‍ പാര്‍ലമെന്റിന്റെയും അധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും. യൂറോപ്യന്‍ യൂനിയന്റെ നേതൃത്വത്തില്‍ നടത്തുന്ന കാലാവസ്ഥാ ഉന്നതതല യോഗത്തിലും സുഷമ മുഖ്യപ്രഭാഷണം നടത്തും. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ഇന്ത്യ-ഇയു സ്വതന്ത്രവ്യാപാര കരാര്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതു സംബന്ധിച്ചും യൂറോപ്യന്‍ നേതാക്കളുമായി ചര്‍ച്ച നടത്തും.

RELATED STORIES

Share it
Top