സുവര്‍ണ പാദുകത്തിലേക്ക് ഈ നിശ്ശബ്ദ പോരാളി

അനന്തു
ഓരോ കാലഘട്ടവും ഓരോ പ്രതിഭകളെ സൃഷ്ടിച്ചിട്ടുണ്ട്. പ്രതിഭാദാരിദ്യം കാല്‍പ്പന്തുലോകം ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇന്നേവരെ എഴുതിച്ചേര്‍ത്തിട്ടില്ല. ഓരോ കാലത്തും ലോകത്തിന്റെ കായിക സ്പന്ദനത്തെ ഓരോ മഹാരഥന്‍മാര്‍ കൈയടക്കി വച്ചിരുന്നു. ആ  പട്ടിക ഇന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലും ലയണല്‍ മെസ്സിയിലും വരെ എത്തിനില്‍ക്കുന്നു. ലോകകപ്പില്‍ നിന്ന് ആധുനിക ഫുട്‌ബോളിലെ ഈ രണ്ട് ഇതിഹാസങ്ങളും പടിയിറങ്ങിപ്പോയപ്പോള്‍ പ്രതിഭാദാരിദ്ര്യം ലോകകപ്പിനെ ബാധിച്ചെന്നു തോന്നിച്ചു. എന്നാല്‍, റഷ്യന്‍ ലോകകപ്പ് മറ്റൊരു താരത്തിന്റെ രാജകീയ പട്ടാഭിഷേകത്തിനാണ് തുടക്കമിടുന്നത്. ആരാലും ആഘോഷിക്കപ്പെടാതെ എത്തിയ ഇംഗ്ലീഷ് നായകന്‍ ഇന്നു ലോകകപ്പിന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നായിരിക്കുന്നു. ഹാരി എഡ്വേഡ് കെയ്ന്‍ എന്ന ഹാരി കെയ്ന്‍.
ലോകകപ്പിലെയെന്നല്ല, ഏതു വലിയ മല്‍സരത്തിന്റെയും ശാപങ്ങളിലൊന്നാണ് അമിത പ്രതീക്ഷ. എതിരാളികള്‍ മൈതാനത്തൊരുക്കുന്ന കളിതന്ത്രങ്ങളേക്കാള്‍ ഏതൊരു ടീമിനെയും ഭയപ്പെടുത്താനും, മതിയായ പ്രകടനം നടത്താനാകാതെ പുറത്തേക്കു നയിക്കാനും ഈ അമിത പ്രതീക്ഷകളും സമ്മര്‍ദങ്ങളും കാരണമാവും. എന്നാല്‍, തന്റെ പ്രഥമ ലോകകപ്പില്‍ നായകസ്ഥാനം തോളിലേറ്റിയുള്ള ഇരട്ടി ഭാരവുമായാണ് കെയ്ന്‍ റഷ്യന്‍ മണ്ണിലിറങ്ങിയത്. ഏതൊരു താരത്തിനും അടിപതറുന്ന നിമിഷം.  പ്രതിഭാശാലികളായ പല താരങ്ങളും നായകമേലങ്കിയില്‍ മങ്ങിപ്പോകുന്നത് നാം കണ്ടിട്ടുള്ളതാണ്. ടീമിനെ ഒന്നാകെ ഉത്തേജിപ്പിച്ചു മുന്നേറുകയും അതോടൊപ്പം തന്നെ സ്വന്തം പ്രകടനം കൈവിടാതെ നോക്കേണ്ടതും നായകന്‍മാരെ സംബന്ധിച്ച് നിര്‍ണായകമാണ്. ഏതിലെങ്കിലും ഒന്നില്‍ പാളിച്ച പറ്റിയാല്‍ മതി, വിമര്‍ശനങ്ങളാകും പിന്നെ തേടിയെത്തുക. എന്നാല്‍, ഇതിനെയെല്ലാം ശാന്തതയോടെ മറികടന്നു കെയ്‌നിലെ നായകന്‍. ഹാരി കെയ്ന്‍ ഇംഗ്ലീഷ് മൈതാനത്തെ ശാന്തനായ ചാവേറാണ്. ആര്‍ക്കും വിട്ടുകൊടുക്കാത്ത ആത്മവിശ്വാസത്താല്‍ അടുത്തെത്തിയ തോല്‍വിയെ പോലും നിര്‍വികാരനായി മറികടക്കുന്ന ഇംഗ്ലീഷ് ചാവേര്‍. ലോകകപ്പിനെത്തിയ ഇംഗ്ലീഷ് ടീമിന്റെ ഏറ്റവും വലിയ പോരായ്മയായി ഫുട്‌ബോള്‍ നിരീക്ഷകരും ആരാധകരും കണ്ടത് വെയ്ന്‍ റൂണിയെപ്പോലെ മല്‍സരം ഒറ്റയ്ക്കു വരുതിയിലാക്കുന്ന മുന്നേറ്റ താരത്തിന്റെ അഭാവമാണ്. ലോകകപ്പ് പോലെയുള്ള വലിയ ടൂര്‍ണമെന്റില്‍ തുടക്കക്കാരനായ ഹാരി കെയ്ന്‍ എത്രമാത്രം വിജയിക്കുമെന്നതായിരുന്നു സംശയങ്ങളുടെ കാതല്‍.  റൂണിയെ ഒഴിവാക്കി കെയ്‌നെ കൊണ്ടുവന്നപ്പോള്‍ പലരും നെറ്റി ചുളിച്ചു. റൂണിയുടെ പ്രതിഭയെയും അനുഭവസമ്പത്തിനെയും കെയ്‌നിന്റെ യുവത്വം എത്രമാത്രം മറികടക്കുമെന്നതായിരുന്നു ആരാധകരുടെ ആശങ്ക. കെയ്ന്‍ അപ്പോഴും ശാന്തനായിരുന്നു. വാഗ്ദാനങ്ങളോ വെല്ലുവിളികളോ കെയ്ന്‍ ഉയര്‍ത്തിയില്ല. മറുപടി തന്റെ നീളന്‍ കാലുകള്‍ കൊണ്ട് പറയാന്‍ കാത്തിരുന്നതാകണം.
ലോകകപ്പിലെ തന്റെ ആദ്യ മല്‍സരത്തില്‍ തന്നെ ദുര്‍ബലരായ പാനമക്കായിരുന്നു കെയ്‌നിന്റെ വരവ് ലോകകപ്പിന് അറിയിച്ചുകൊടുക്കാനുള്ള ചുമതല. ഇംഗ്ലണ്ടിന്റെ കടന്നാക്രമണത്തില്‍ പാനമ കനാല്‍ വറ്റിവരണ്ടുപോയി. ഹാരി കെയ്‌ന്റെ ഹാട്രിക്കോടെ (6-1) ഇംഗ്ലണ്ടിന് റഷ്യന്‍ ലോകകപ്പിലെ പ്രഥമ ജയം. രണ്ടാം മല്‍സരത്തില്‍ ഡബിള്‍. അവസാനം ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊളംബിയക്കെതിരേ നിര്‍ണായകമായ ഒരു ഗോളുമായി ലോകകപ്പ് ടോപ്‌സ്‌കോററായി കെയ്ന്‍ പ്രഭ റഷ്യന്‍ മൈതാനങ്ങളില്‍ തിളങ്ങിനില്‍ക്കുന്നു. ഇംഗ്ലീഷ് സാമ്രാജ്യം നെടുവീര്‍പ്പിടുകയാണ്, അടുത്തെത്തിയ തോല്‍വിയെ ആട്ടിയോടിച്ചതിന്. ലോകം ഒന്നടങ്കം കീഴടക്കിയ ബ്രിട്ടിഷ് സാമ്രാജ്യം കഴിഞ്ഞ ദിവസം മോസ്‌കോയില്‍ ശ്വാസമടക്കി നിന്നു. മൈതാനത്ത് ഇംഗ്ലീഷ് വമ്പന്‍മാരെ വിറപ്പിച്ച പ്രകടനവുമായി കൊളംബിയ കളം വാണപ്പോള്‍ ഒരര്‍ഥത്തില്‍ ജയിച്ചത് ഇംഗ്ലീഷ് ടീമോ തോറ്റത് കൊളംബിയന്‍ യുവത്വമോ അല്ല. മറിച്ച്, ജയം കൈയടക്കിയത് ഹാരി കെയ്ന്‍ എന്ന ഇംഗ്ലീഷ് നായകനും തോറ്റത് ഇംഗ്ലീഷ് മധ്യനിരയിലുള്ള ടീമിന്റെ അതിയായ വിശ്വാസവുമാണ്.
കൊളംബിയ ഗംഭീരമായി കളിച്ചു. സമ്മര്‍ദത്തിനടിപ്പെട്ട് ഫൗളുകള്‍ കൊണ്ട് കളി മുരടിപ്പിച്ച കൊളംബിയയില്‍ നിന്ന് അതിസമര്‍ഥമായി കൗണ്ടര്‍ അറ്റാക്കിങ് നടത്തി ഗോളവസരങ്ങള്‍ സൃഷ്ടിച്ച കൊളംബിയന്‍ കരുത്തിലേക്ക് ദൂരം 15 മിനിറ്റ് നേരത്തെ ഇടവേള സമയം മാത്രം. എന്നാല്‍, എത്തിപ്പിടിക്കാന്‍ കൊളംബിയന്‍ താരങ്ങള്‍ക്കു സാധിക്കാതെപോയത് കെയ്‌ന്റെ പ്രകടനത്തെ മാത്രം.
ആധുനിക ഫുട്‌ബോളറെന്നാല്‍ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും എന്ന സങ്കല്‍പമാണ് കെയ്ന്‍ തകര്‍ത്തെറിയുന്നത്. ബോക്‌സിനുള്ളിലേക്ക് എതിര്‍താരങ്ങളെ വകഞ്ഞുമാറ്റി മുന്നേറുന്ന മെസ്സി വൈഭവമില്ല. കരുത്തന്‍ ഷോട്ടുകളിലൂടെയും വ്യക്തമായ കണക്കുകൂട്ടലുകളിലൂടെയും മൈതാനത്ത് വിന്യസിക്കുന്ന റൊണാള്‍ഡോ ശൈലിയുമല്ല. മറിച്ച്, കിട്ടുന്ന അവസരങ്ങളെ എത്രമാത്രം പ്രയോജനപ്പെടുത്താമോ അത്രത്തോളം കൃത്യതയോടെ കളിക്കുന്ന ശൈലിയാണ് കെയ്‌നിന്റേത്.
ശാന്തനായി തനിക്ക് അനുവദിച്ച പൊസിഷനില്‍ അവസരത്തിനായി കാത്തുനില്‍ക്കുന്നതാണ് കെയ്ന്‍ ടെക്‌നിക്. കാലില്‍ പന്തു കിട്ടിയാല്‍ ബോക്‌സിലേക്കു കുതിച്ച് കഴിയുന്നത്ര വേഗത്തില്‍ ഷോട്ടുതിര്‍ക്കുക. ഷോട്ടിനുള്ള സാഹചര്യമല്ലെങ്കില്‍ സഹതാരത്തിനായി അളന്നുമുറിച്ച പാസുകളും പ്രതീക്ഷിക്കാം. വളരെ ലളിതമായ മുന്നേറ്റനിര ശൈലിയെന്നു തോന്നുമെങ്കിലും അതെത്രമാത്രം മികച്ചതാക്കി അവസരങ്ങള്‍ സൃഷ്ടിക്കാമോ അതെല്ലാം കെയ്ന്‍ പ്രാവര്‍ത്തികമാക്കുന്നു. കാത്തിരിക്കാം, മൈതാനത്ത് നിശ്ശബ്ദ ആക്രമണങ്ങള്‍ മെനയുന്ന കെയ്‌നിന്റെ ചുവടുകള്‍ക്കായി.

RELATED STORIES

Share it
Top