സുവര്‍ണപാദുകം കെയ്‌ന്

മോസ്‌കോ: ലോകഫുട്‌ബോള്‍ താരങ്ങളുടെ സ്വപ്‌ന പാദുകം ഹാരി കെയ്‌ന് സ്വന്തം.വിളിപ്പാടകലെ വിടപറഞ്ഞ ലോകകിരീടത്തിന്റെ നഷ്ടത്തിലാണ് ഹാരി കെയ്ന്‍.ഇംഗ്ലണ്ടിന് നഷ്ടങ്ങളുടെ റഷ്യന്‍ ലോകകപ്പാണെങ്കിലും വ്യക്തിപരമായി ഹാരി കെയ്‌ന് നേട്ടത്തിന്റെ ലോകകപ്പായിരുന്നു.കൈയ്യത്തും ദൂരത്ത് ഫൈനല്‍ പ്രതീക്ഷകള്‍  അസ്തമിച്ചപ്പോഴും ലോകകപ്പിലെ സുവര്‍ണപാദുകം കെയ്‌ന് സ്വന്തം.അടിച്ചു കൂട്ടിയ ഗോളുകളില്‍ മറ്റുതാരങ്ങളെ അപേക്ഷിച്ച്  ബഹുദൂരം മുന്നിലാണെങ്കിലും ആകെമൊത്തം പ്രകടനത്തില്‍ കെയ്‌ന് ആ മികവ് തുടരാന്‍ സാധിച്ചിരുന്നോ എന്നത് സംശയമാണ്.കളിക്കളത്തില്‍ ശാന്തനായ നായകനായി മാതൃക കാണിച്ചപ്പോഴും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും കളിയിലെ അക്രമണോല്‍സുകത നിലനിര്‍ത്തുന്നതിലും കെയ്‌ന് വേണ്ടത്ര മികവ് പുലര്‍ത്താനായോ എന്നതും സംശയമാണ്.
റഷ്യന്‍ ലോകകപ്പ് കെയ്‌നെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു.വെയ്ന്‍ റൂണിയെന്ന ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ സ്ഥാനത്തേക്കാണ് കോച്ച് സൗത്ത്‌ഗേറ്റ് കെയ്‌നെ നിയമിച്ചത്.കൂടെ നായകസ്ഥാനമെന്ന ഇരട്ടി ഭാരവും.അക്രമണഫുട്‌ബോളിലൂടെ മല്‍സരം വരുതിയിലാക്കുന്ന റൂണിയുടെ അഭാവം എത്രമാത്രം  മറികടക്കാന്‍ കെയ്‌നാകുമെന്നത് ചോദ്യചിഹ്നമായി നിന്നു.നായകസ്ഥാനം എന്നും ഒരു ബാധ്യതാ മേലങ്കിയായിരുന്ന ഇംഗ്ലീഷ് ടീമില്‍ കെയ്ന്‍ പാരാജയപ്പെട്ടുപോകുമെന്ന് പലരും വിചാരിച്ചിരുന്നിരിക്കണം.എന്നാല്‍ മൈതാനത്തെ തന്റെ ശാന്തത കെയ്ന്‍ മല്‍സരങ്ങള്‍ക്കും മുന്‍പും തുടര്‍ന്നു.വിമര്‍ശനങ്ങള്‍ക്കു ചെവികൊടുക്കാതെ കെയ്ന്‍ റഷ്യയിലിറങ്ങി.
ആദ്യ മല്‍സരത്തില്‍ തന്നെ വിമര്‍ശകരുടെ വായടിപ്പിച്ചുകൊണ്ട് ലോകകപ്പില്‍ കെയ്ന്‍ തന്റെ വരവറിയിച്ചു.തുണീസ്യക്കെതിരെ ഇരട്ടഗോളുകള്‍ നേടിയ ഇംഗ്ലീഷ് നായകന്‍ ടീമിന്റെ വിജയശില്‍പിയായി.ആദ്യ മല്‍സരം വെറും തുടക്കം മാത്രമായിരുന്നു.പനാമക്കെതിരായ രണ്ടാം മല്‍സരത്തില്‍ ഹാരി കെയ്‌നെന്ന മുന്നേറ്റ താരത്തിന്റെ സംഹാരരൂപം ലോകം മുഴുവന്‍ കണ്ടു.മല്‍സരത്തില്‍ 6-1 ഇംഗ്ലീഷ് നിര റഷ്യന്‍ ലോകകപ്പിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് പനാമക്കെതിരെ കരസ്ഥമാക്കി.ഇംഗ്ലീഷ് പടയുടെ ഉഗ്രരൂപം കണ്ട മല്‍സരത്തില്‍ കെയ്ന്‍ ഹാട്രിക്ക് നേടി.ഈ മല്‍സരത്തിനു ശേഷമാണ് കെയ്ന്‍ ലോകകപ്പിലെ ശ്രദ്ധാകേന്ദ്രങ്ങളിലൊന്നായി മാറുന്നുത്.ഗോളടി കണക്കില്‍ അതുവരെ മുന്നില്‍ നിന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പിന്തള്ളി 5 ഗോളുകളുമായി കെയ്ന്‍ മുന്നിലെത്തി.പിന്നീട് കൊളംബിയക്കെതിരെ നടന്ന പ്രീക്വാര്‍ട്ടര്‍ മല്‍സരത്തില്‍ നേടിയ പെനല്‍റ്റി ഗോളിലൂടെ കെയ്ന്‍ എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലെത്തി.
പ്രീക്വാര്‍ട്ടറിനു ശേഷം നടന്ന ഒരു മല്‍സരത്തില്‍ പോലും പിന്നീട് കെയ്‌ന് തിളങ്ങാനായില്ല .ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മികച്ച മുന്നേറ്റങ്ങള്‍ സൃഷ്ടിക്കുന്നതിലും കെയിനിലെ നായകന്‍ പരാജയപ്പെട്ടു.കെയിനിന്റെ ഫോമില്ലായ്മയാണ് നോക്കൗട്ട് ഘട്ടത്തില്‍ ഇംഗ്ലണ്ടിന്റെ മുന്നേറ്റ മുനയൊടിച്ചത്.എങ്കിലും ഗോളടി കണക്കില്‍ കെയ്ന്‍ തന്നെയാണ് ഒന്നാമന്‍.റൊണാള്‍ഡോയ്ക്കും മെസ്സിക്കും സാധിക്കാത്തത് കെയ്ന്‍ സ്വന്തമാക്കിയാണ് മടങ്ങുന്നത്. റഷ്യന്‍ സുവര്‍ണപാദുകത്തിന്റെ അവകാശം ഇനി കെയ്‌ന് മാത്രം.ഹാരി ലിനേക്കറിനു ശേഷം ലോകകപ്പ് സുവര്‍ണപാദുകം നേടുന്ന രണ്ടാമത്തെ ഇംഗ്ലീഷ് താരമാണ് ഹാരി കെയ്ന്‍.

RELATED STORIES

Share it
Top