സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ ഭവനനിര്‍മാണത്തിന് മുന്‍തൂക്കം സുല്‍ത്തന്‍

ബത്തേരി: നഗരസഭയില്‍ ഭവനനിര്‍മാണത്തിനു മുന്‍തൂക്കം നല്‍കി 2018-19 വര്‍ഷത്തക്കുള്ള ബജറ്റ് അവതരിപ്പിച്ചു. 41,34,64,569 രൂപ വരവും 39,56,96,764 രൂപ ചെലവും 1,77,67,805 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജിഷ ഷാജി അവതരിപ്പിച്ചത്. 2018-19 സാമ്പത്തിക വര്‍ഷം നഗരസഭയെ കുടില്‍രഹിതമാക്കും. ഭവനനിര്‍മാണത്തിനായി 11 കോടി 38 ലക്ഷം രൂപ വകയിരുത്തി. കാരാപ്പുഴ കുടിവെള്ള പദ്ധതി പൈപ്പ്‌ലൈന്‍ നീട്ടുന്നതിനായി ഒരുകോടി രൂപയും വിവിധ ഡിവിഷനുകളിലെ കുടിവെള്ള പദ്ധതിക്കായി 54 ലക്ഷം രൂപയും വകയിരുത്തിട്ടുണ്ട്.
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് ഏഴു കോടിയും ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി 13 ലക്ഷവും അങ്കണവാടികള്‍ക്ക് 435000 രൂപയും   എല്‍യുഎല്‍എം പദ്ധതിക്ക് 50 ലക്ഷം രൂപയും ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നതിന് രണ്ടുലക്ഷം രൂപയും ഷെല്‍ട്ടര്‍ഹോമിനായി 10 ലക്ഷം രൂപയും വകയിരുത്തി.
കുടുംബശ്രീ വനിതകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് ടൈലറിങ് യൂനിറ്റ് ആരംഭിക്കുന്നതിന് 10 ലക്ഷം, ഷീ ഫ്രണ്ട്‌ലി ടോയ്‌ലറ്റിന് 18 ലക്ഷം, പഴവര്‍ഗ തൈ, പയര്‍ വിത്ത് വിതരണത്തിന് ഏഴുലക്ഷം, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് റിവോള്‍വിങ് ഫണ്ട് നല്‍കുന്നതിന് അഞ്ചുലക്ഷം എന്നിങ്ങനെ വകയിരുത്തി.
പട്ടികവര്‍ഗ ക്ഷേമത്തിനും കോളനികളിലെ അടിസ്ഥാനസൗകര്യ വികസനത്തിനും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനുമായി 2.23 കോടിയും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് 74.69 ലക്ഷം രൂപയും നീക്കിവച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്മാര്‍ട്ട് ക്ലാസ് മുറികളൊരുക്കാനും പൊതുവിദ്യാലയങ്ങളുടെ നവീകരണത്തിനും 2 കോടി, പട്ടികവര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് കലാ കായിക മികവ് വര്‍ധിപ്പിക്കുന്ന പദ്ധതിക്ക് 20 ലക്ഷം, ബഡ്‌സ് സ്‌കൂള്‍ ആരംഭിക്കുന്നതിന് 15 ലക്ഷം എന്നിങ്ങനെ വകയിരുത്തി. യോഗത്തില്‍ ചെയര്‍മാന്‍ സി കെ സഹദേവന്‍ അധ്യക്ഷത വഹിച്ചു.
ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളായ എന്‍ കെ മാത്യു, രാധാ രവീന്ദ്രന്‍, എം കെ സാബു, ഷിഫാനത്ത്, ആര്‍ രാജേഷ്‌കുമാര്‍, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ടി എല്‍ സാബു, എല്‍ സി പൗലോസ്, ബാബു അബ്ദുറഹ്മാന്‍, പി കെ സുമതി, വല്‍സാ ജോസ് പ്രതിപക്ഷ നേതാവ് പി പി അയൂബ്, എന്‍ എം വിജയന്‍ സംസാരിച്ചു.

RELATED STORIES

Share it
Top