സുരേഷ് ഗോപി എംപിയെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു

തിരുവനന്തപുരം: വാഹനരജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസില്‍ രാജ്യസഭാ എംപി സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്തു. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് എസ്പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം എംപിയെ ചോദ്യംചെയ്തത്.തനിക്ക് പുതുച്ചേരിയില്‍ സ്വന്തമായി കൃഷിഭൂമിയുണ്ടെന്ന് എംപി അന്വേഷണസംഘത്തിന് മൊഴിനല്‍കി. കാര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങളും ആര്‍സി രേഖകളും പരിശോധിച്ച അന്വേഷണസംഘം സുരേഷ് ഗോപിയുടെ മൊഴി വിശദമായി രേഖപ്പെടുത്തി. രാവിലെ 10.30ഓടെ ആരംഭിച്ച ചോദ്യംചെയ്യല്‍ രണ്ടുമണിക്കൂറോളം നീണ്ടുനിന്നു. പുതുച്ചേരിയില്‍ കൃഷിഭൂമിയുള്ളതിനാല്‍ അവിടെ പല ആവശ്യങ്ങള്‍ക്കും സഞ്ചരിക്കേണ്ടതുണ്ട്. അതിനുവേണ്ടിയാണ് താ ന്‍ അവിടത്തെ രജിസ്‌ട്രേഷനില്‍ കാര്‍ വാങ്ങിയത്. അവിടെ താമസിച്ചിരുന്ന വാടകവീടിന്റെ മേല്‍വിലാസത്തിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തതെന്നും അദ്ദേഹം മൊഴിനല്‍കി. ആവശ്യപ്പെട്ടാല്‍ വീണ്ടും ഹാജരാവണമെന്ന നിര്‍ദേശം നല്‍കിയാണ് സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് സംഘം വിട്ടയച്ചത്. ആഡംബര കാറുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്നതുവഴി വന്‍ തുക നികുതിനല്‍കേണ്ടി വരുമെന്നതിനാല്‍ അതൊഴിവാക്കുന്നതിനാണ് സുരേഷ് ഗോപി എംപി അടക്കമുള്ളവര്‍ വാഹനങ്ങള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് ആരോപണം. സംഭവം വിവാദമായതോടെ വാഹന രജിസ്‌ട്രേഷന്‍ സംബന്ധിച്ച രേഖകള്‍ സുരേഷ് ഗോപി മോട്ടോര്‍ വാഹന വകുപ്പിന് നല്‍കി. എന്നാല്‍, രേഖകളില്‍ അപാകത കണ്ടെത്തിയ മോട്ടോര്‍ വാഹനവകുപ്പ് കാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ എംപി പുതുച്ചേരിയില്‍ വ്യാജരേഖയുണ്ടാക്കിയതായി കണ്ടെത്തി. തുടര്‍ന്ന് വ്യാജരേഖ ചമയ്ക്കല്‍, നികുതി വെട്ടിപ്പ് തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ക്രൈംബ്രാഞ്ച് എംപിക്കെതിരേ കേസെടുത്തു. അറസ്റ്റ് നടപടികള്‍ ഒഴിവാക്കാനായി മുന്‍കൂര്‍ ജാമ്യം തേടി എംപി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അന്വേഷണസംഘത്തിനുമുമ്പില്‍ ഹാജരാവാന്‍ കോടതി നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരായത്. അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായ ശേഷം സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ വരുംദിവസങ്ങളില്‍ ജാമ്യാപേക്ഷയുമായി മജിസ്‌ട്രേറ്റ് കോടതിയെ എംപി സമീപിച്ചേക്കും. വ്യാജ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയടക്കം 70 പേര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസയച്ചിരുന്നു. തിരുവനന്തപുരം ആര്‍ടിഒയാണ് സുരേഷ് ഗോപി എംപിക്ക് നോട്ടീസ് അയച്ചത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പിവൈ 5എ 99  എന്ന പുതുച്ചേരി രജിസ്‌ട്രേഷന്‍ ഉള്ള കാര്‍ കേരളത്തില്‍ ഓടുന്നതായും ഇത് മോട്ടോര്‍വാഹന നിയമത്തിന്റെ ലംഘനമാണെന്നും നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. 2000ത്തിലേറെ കാറുകള്‍ ഇത്തരത്തില്‍ സംസ്ഥാനത്തിന് പുറത്തു രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ ഓടുന്നതെന്നാണ് കണ്ടെത്തല്‍. ഇതില്‍ 1,178 കാറുകള്‍ കേരളത്തില്‍ നിന്നും വാങ്ങിയ ശേഷം പോണ്ടിച്ചേരിയില്‍ കൊണ്ടുപോയി വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തതാണ്.

RELATED STORIES

Share it
Top