സുരേഷ് ഗോപിക്കും അമല പോളിനും എതിരേ കുറ്റപത്രം തയ്യാറാവുന്നു

തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പു കേസില്‍ സുരേഷ് ഗോപി എംപിക്കും നടി അമല പോളിനുമെതിരേ കുറ്റപത്രം തയ്യാറാവുന്നു. നികുതിവെട്ടിപ്പ് സംബന്ധിച്ച ഇരുവരുടെയും വിശദീകരണം തൃപ്തികരമല്ലെന്നു കണ്ടെത്തിയതോടെയാണ് ക്രൈംബ്രാഞ്ച് തീരുമാനം. വെട്ടിച്ച നികുതി പിഴയായി തിരിച്ചടച്ച ഫഹദ് ഫാസിലിനെതിരായ നടപടി തുടരുന്നതില്‍ സര്‍ക്കാരിന്റെ അഭിപ്രായം തേടും. സര്‍ക്കാര്‍ സമയപരിധി നല്‍കിയിട്ടും പിഴ അടയ്ക്കാത്ത മുഴുവന്‍ വാഹന ഉടമകള്‍ക്കുമെതിരേ കേസെടുക്കാനും തീരുമാനമായി. രാജ്യസഭാ എംപിയായ സുരേഷ് ഗോപിയും ചലച്ചിത്രതാരം അമല പോളും ആഡംബരകാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത് നികുതി വെട്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായി. രണ്ട് കാറുകള്‍ രജിസ്റ്റര്‍ ചെയ്ത് 30 ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിച്ചെന്നാണ് സുരേഷ് ഗോപിക്കെതിരായ കേസ്. പുതുച്ചേരിയിലെ കൃഷിയിടത്തിന്റെ വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തതെന്ന് സുരേഷ് ഗോപി വാദിച്ചെങ്കിലും അങ്ങനെയൊരു ഭൂമിയില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സിനിമാ ഷൂട്ടിങിന് പോവുമ്പോള്‍ താമസിക്കാറുള്ള സ്ഥിരം വാടകവീടിന്റെ വിലാസത്തിലാണ് രജിസ്‌ട്രേഷനെന്നായിരുന്നു അമല പോളിന്റെ മൊഴി. എന്നാല്‍, അതേ വിലാസത്തി ല്‍ മറ്റു പലരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കണ്ടതോടെ തട്ടിപ്പാണെന്നു സ്ഥിരീകരിച്ചു. ഇതോടെയാണ് ഇരുവര്‍ക്കുമെതിരേ വ്യാജരേഖ ചമയ്ക്കല്‍, നികുതിവെട്ടിപ്പ് തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് ഒരു മാസത്തിനുള്ളില്‍ കുറ്റപത്രം നല്‍കാന്‍ തീരുമാനിച്ചത്. രണ്ട് കാറുകളുടെ രജിസ്‌ട്രേഷനിലൂടെ ഫഹദ് ഫാസിലും നികുതി വെട്ടിച്ചിരുന്നു. എന്നാല്‍, നിയമം അറിയാത്തതിനാലാണെന്ന്  പറഞ്ഞ ഫഹദ് പിഴ അടയ്ക്കുകയും ചെയ്തു. പിഴ അടയ്ക്കുന്നവരെ കേസി ല്‍ നിന്നൊഴിവാക്കാന്‍ തീരുമാനിച്ചിട്ടുള്ളതിനാല്‍ ഫഹദിനെതിരേ കുറ്റപത്രം വേണോയെന്ന് സര്‍ക്കാരുമായി ആലോചിച്ചു തീരുമാനിക്കും.

RELATED STORIES

Share it
Top