സുരക്ഷ ഉദ്യോഗസ്ഥരെ കര്‍ണാടക തിരിച്ചുവിളിക്കുന്നു; മഅ്ദനി ഒമ്പതിന് മടങ്ങുംസുധീര്‍ കെ ചന്ദനത്തോപ്പ്
കൊല്ലം:  കര്‍ണാടക തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് സുരക്ഷ ഉദ്യോഗസ്ഥരെ കര്‍ണാടക തിരിച്ചുവിളിച്ചു. ഇതോടെ ജാമ്യകാലാവധി വെട്ടിച്ചുരുക്കി മഅ്ദനി ഒമ്പതിന് ബംഗലുരുവിലേക്ക് മടങ്ങും.
നേരത്തെ എന്‍ ഐ എ കോടതിയാണ് മഅ്ദനിക്ക് ജാമ്യത്തില്‍ ഇളവ് അനുനദിച്ചത്. രോഗിയായ മാതാവിനെ കാണാന്‍ ഈ മാസം മൂന്നു മുതല്‍ 11 വരെ കേരളത്തില്‍ പോകാനാണ് മഅ്ദനിക്ക് ജാമ്യത്തില്‍ ഇളവ് നല്‍കിയത്. കര്‍ണാടക പോലിസിന്റെ സുരക്ഷയില്‍ വേണം കേരളത്തിലേക്ക് പോകേണ്ടതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്ന് പോലിസുകാരുടെ ചെലവ് ഉള്‍പ്പടെ ഒരു ലക്ഷത്തോളം രൂപ മഅ്ദനി അടച്ചെങ്കിലും മൂന്നിന് സുരക്ഷ അനുമതി ലഭിക്കാതിരുന്നതോടെ യാത്ര നടന്നില്ല. കര്‍ണാടക തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മഅ്ദനിക്ക് അകമ്പടി പോകാന്‍ പോലിസുകാര്‍ ഇല്ലെന്നാണ് ബംഗലൂരു സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചിരുന്നത്. പിന്നീട് സിറ്റി ആംഡ് റിസര്‍വ് (സിഎആര്‍) പോലിസിന്റെ സഹായത്തോടെ സുരക്ഷ ഏര്‍പ്പാടാക്കിയതിനെ തുടര്‍ന്ന് നാലിന് രാവിലെ റോഡുമാര്‍ഗ്ഗമാണ് അദ്ദേഹം ബംഗലുരുവില്‍ നിന്നും കേരളത്തിലേക്ക് യാത്ര തിരിച്ചത്. നാലിന് രാത്രി തന്നെ മാതാപിതാക്കളെ കണ്ട അദ്ദേഹം അന്‍വാര്‍ശ്ശേരിയിലാണ് താമസം. കര്‍ണാടകത്തില്‍ നിന്നുള്ള ആറു പോലിസുകാര്‍ക്കാണ് സുരക്ഷാ ചുമതല. ഇതിനിടെ കഴിഞ്ഞ ദിവസം കര്‍ണാടക തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷ ജീവനക്കാരെ അനുവദിക്കാന്‍ സാധിക്കില്ലെന്നും ഒമ്പതിന് മടങ്ങിയെത്തണമെന്നും കര്‍ണാടക പോലിസ് അദ്ദേഹത്തെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് കോടതി അനുവദിച്ച സമയത്തേക്കാള്‍ രണ്ട് ദിവസം ബാക്കിയാക്കി അദ്ദേഹം ബംഗലുരുവിലേക്ക് മടങ്ങുന്നത്. ഒമ്പതിന് ഉച്ചയ്ക്ക് 2.30ന് അന്‍വാര്‍ശ്ശേരിയില്‍ പ്രത്യേക പ്രാര്‍ഥന നടക്കും. ഇതിന് ശേഷം റോഡുമാര്‍ഗ്ഗം കൊച്ചിയിലേക്ക് പോകും. നെടുമ്പാശ്ശേരിയില്‍ നിന്നും രാത്രി 10.50നുള്ള എയര്‍ ഏഷ്യാ വിമാനത്തില്‍ മഅ്ദനി തിരിച്ച് ബംഗലുരുവിലേക്ക് പോകും.

RELATED STORIES

Share it
Top