സുരക്ഷിതത്വമോ സൗകര്യമോ ഇല്ലാത്ത കെട്ടിടത്തില്‍ അങ്കണവാടി

പട്ടാമ്പി: തിരുവേഗപ്പുറ ഗ്രാമപ്പഞ്ചായത്തിലെ ആമപ്പൊറ്റ അങ്കണവാടി പോരായ്മകളുടെ നടുവില്‍. ഓടുമേഞ്ഞ കെട്ടിടത്തിന്റെ ചുവരിന് ഉറപ്പ് പോര. അങ്കണവാടിയുടെ ശോച്യാവസ്ഥ കാരണം ഭൂരിഭാഗം രക്ഷിതാക്കളും കുട്ടികളെ അയക്കാന്‍ മടിക്കുകയാണ്. നിലവില്‍ 10 കുട്ടികള്‍ മാത്രമാണ് ഇവിടെയു—ള്ളത്. അങ്കണവാടിലെ പോരായ്മയും സുരക്ഷിതത്വക്കുറവും കാരണം രക്ഷിതാക്കള്‍ കുട്ടികളെ മറ്റിടങ്ങളിലാക്കി കഴിഞ്ഞു. പുതിയ അങ്കണവാടിക്കായി പൊതുപിരിവ് നടത്തി പണം സ്വരൂപിച്ച് സ്ഥലം വാങ്ങിയെങ്കിലും വയലാണെന്ന കാരണത്താല്‍ ഇതുവരെയും നിര്‍മാണ അനുമതി ലഭിച്ചില്ല. അതോടെ പുതിയ കെട്ടിടം എന്ന സ്വപ്‌നം എവിടെയുമെത്താത്ത അവസ്ഥയിലാണ്.
കഴിഞ്ഞ 16 വര്‍ഷത്തിലധികമായി ഇടുങ്ങിയ മുറികളോടെയുള്ള വാടക കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. കെട്ടിടം തിരിച്ചു നല്‍കാന്‍ ഉടമ മാസങ്ങളായി ആവശ്യപ്പെട്ടു വരികയാണ്. അല്ലെങ്കില്‍ വാടകയില്‍ വന്‍ വര്‍ധനവ് നടപ്പില്‍വരുത്തണമെന്നും ഉടമ ആവശ്യപ്പെടുന്നു. 18ാം വാര്‍ഡിലെ അങ്കണവാടി പട്ടിക ജാതി കോളനിയിലെ കുട്ടികള്‍ക്ക് വളരെയധികം ഉപകാരപ്പെടേണ്ടതാണ്. നിലവിലുള്ള കെട്ടിടത്തില്‍ വൈദ്യുതി ബന്ധം പോലുമില്ല. കെട്ടിടത്തിനകത്തോ പുറത്തോ കുട്ടികള്‍ക്ക് വേണ്ടത്ര സ്ഥല സൗകര്യം പോലുമില്ല.
ഭക്ഷണം പാചകം ചെയ്യുന്നതും അസൗകര്യങ്ങളുടെ നടുവിലാണ്. അങ്കണവാടി കെട്ടിടത്തിനായി വാങ്ങിയ സ്ഥലത്തിന് സമീപത്തെ വയലില്‍ വീടിനും മറ്റു വാണിജ്യ ആവശ്യങ്ങള്‍ക്കുമുളള കെട്ടിടം നിര്‍മിക്കാന്‍ പല സ്വകാര്യ വ്യക്തികള്‍ക്കും അനുമതി നല്‍കിയതായി പരിസരവാസികള്‍ പറയുന്നു. സ്വകാര്യ വ്യക്തികള്‍ക്ക് അനുമതി നല്‍കാമെങ്കില്‍ എന്തുകൊണ്ട് പൊതു ആവശ്യത്തിന് അനുമതി ലഭിക്കാത്തതെന്നാണ് നാട്ടുകാരുടെ ചോദ്യം. അനുമതി ലഭിക്കാന്‍ വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

RELATED STORIES

Share it
Top