സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കുന്നതില്‍ വലിയ വീഴ്ച

പത്തനംതിട്ട: സംവിധാനങ്ങള്‍ പരിശോധിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാന വ്യാപകമായി ഫയര്‍ഫോഴ്‌സിന്റെ അഗ്‌നി സുരക്ഷാ ഓപ്പറേഷന്‍ പത്തനംതിട്ടയിലും നടന്നു. അടുത്തിടെയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബഹുനില കെട്ടിടങ്ങളില്‍ ഉണ്ടായ അഗ്‌നി ബാധകളില്‍ നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് ‘ഓപ്പറേഷന്‍ അഗ്‌നി സുരക്ഷ പദ്ധതിക്ക് രൂപം നല്‍കിയത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായിത്തന്നെ അഗ്‌നിശമന സേന 15 മീറ്ററിലധികം ഉയരമുള്ള കെട്ടിടങ്ങളില്‍ നിലവിലുള്ള നിയമപ്രകാരം ഒരുക്കിയിട്ടുള്ള അഗ്‌നി സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തി. പലയിടത്തും അഗ്‌നിബാധയുണ്ടായാല്‍ അണക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഒന്നും പ്രവര്‍ത്തനക്ഷമമല്ലെന്ന് പരിശോധനയില്‍ വ്യക്തമായി. മിക്കയിടത്തും ഫയര്‍ എസ്‌കേപ്പ് സ്‌റ്റെയറുകള്‍ പൂട്ടിക്കിടക്കുന്ന അവസ്ഥയിലായിരുന്നു. ചിലയിടങ്ങളില്‍ ഇവ ഉപയോഗശൂന്യമായ സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതായും കണ്ടെത്തി. കെട്ടിടത്തിന്റെ ടെറസുകളില്‍ മാറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന നിര്‍ദേശവും മിക്കയിടത്തും പാലിക്കപ്പെട്ടിട്ടില്ല. സുരക്ഷാ സംവിധാനങ്ങള്‍ കൃത്യമായി ഒരുക്കാത്ത കെട്ടിട ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും രേഖാമുലം നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് പത്തനംതിട്ട സ്റ്റേഷന്‍ ഓഫിസര്‍ വിനോദ് കുമാര്‍ പറഞ്ഞു.  തുടര്‍ന്നും പരിശോധനകള്‍ ഉണ്ടാവുമെന്നും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാത്ത കെട്ടിട ഉടമകള്‍ക്കെതിരെ കടുത്ത ഘട്ടത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വിനോദ് കുമാര്‍ പറഞ്ഞു.അസി. സ്റ്റേഷന്‍ ഓഫിസര്‍ മനോഹരന്‍ പിള്ള, ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരായ കെ വി വര്‍ഗീസ്, പോള്‍ വര്‍ഗീസ് ഉള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.

RELATED STORIES

Share it
Top