സുരക്ഷാ ഭടന്റെ വെടിയേറ്റ ജഡ്ജിയുടെ ഭാര്യ മരിച്ചു

ഗുഡ്ഗാവ്: സുരക്ഷാഭടന്റെ വെടിവയ്പില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന ജഡ്ജിയുടെ ഭാര്യ മരിച്ചു. അഡീഷനല്‍ സെഷന്‍സ് ജഡ്ജി കൃഷ്ണകാന്തിന്റെ ഭാര്യ ഋതു (45) ആണ് ഗുഡ്ഗാവ് സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചത്. വെടിവയ്പില്‍ ഋതുവിനൊപ്പം പരിക്കേറ്റ മകന്‍ ധ്രുവ് (18) അപകടനില തരണം ചെയ്തിട്ടില്ല. കൃഷ്ണകാന്തിന്റെ സുരക്ഷാ ജീവനക്കാരന്‍ മഹിപാലാണ് ഋതുവിനെയും ധ്രുവിനെയും വെടിവച്ചത്. ഗുഡ്ഗാവിലെ അര്‍ക്കാഡിയ മാര്‍ക്കറ്റില്‍ ശനിയാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. ഷോപ്പിങ്ങിനു പോയ ഇരുവരെയും മഹിപാല്‍ അനുഗമിച്ചിരുന്നു.ഋതുവിന് നെഞ്ചിലും മകന് തലയ്ക്കുമായിരുന്നു വെടിയേറ്റത്. മഹിപാലിനെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ പോലിസ് ചോദ്യം ചെയ്തുവരുകയാണ്.ഹരിയാന പോലിസിലെ ഹെഡ്‌കോണ്‍സ്റ്റബിളായിരുന്ന മഹിപാല്‍ രണ്ടു വര്‍ഷമായി ജഡ്ജിയുടെ പേഴ്‌സനല്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തുവരുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.മഹിപാല്‍ കഴിഞ്ഞ ഏതാനും ദിവസമായി വീട്ടില്‍ പോകുന്നതിന് അവധി ആവശ്യപ്പെട്ടുവരുകയായിരുന്നു. എന്നാല്‍, അവധി നിഷേധിക്കപ്പെട്ടു. ഇതായിരിക്കാം അക്രമത്തിലേക്കു നയിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

RELATED STORIES

Share it
Top