സുരക്ഷാ പരിശോധന തുടങ്ങി; ഇന്ന് ട്രെയിന്‍ ഓടിക്കും

പുനലൂര്‍: ഗേജ്മാറ്റം പൂര്‍ത്തിയായ ഇടമണ്‍-ന്യൂ ആര്യങ്കാവ് പാതയില്‍ റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ കെ എ മനോഹരന്റെ സുരക്ഷാ പരിശോധന ആരംഭിച്ചു. ന്യൂ ആര്യങ്കാവ് മുതല്‍ ഇടമണ്‍വരെയുള്ള 22 കിലോമീറ്റര്‍ ദൂരത്തില്‍  ഇന്നലെ ട്രോളിയില്‍ യാത്ര ചെയ്തുള്ള ആദ്യഘട്ട പരിശോധനയാണ് നടത്തിയത്. ട്രെയിന്‍ ഓടിച്ചുള്ള രണ്ടാംഘട്ട പരിശോധന ഇന്ന് നടക്കും. രാവിലെ പത്തിന് ന്യൂ ആര്യങ്കാവ് സ്‌റ്റേഷനിലേയ്ക്കാണ് ട്രെയിന്‍ ഓടുന്നത്. പരമാവധി വേഗത്തിലായിരിക്കും ട്രെയിന്‍ ഓടുക. സര്‍വീസ് ആരംഭിച്ചു കഴിഞ്ഞാല്‍ ട്രെയിനുകളുടെ വേഗം മണിക്കൂറില്‍ 30 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. മലകളും തുരങ്കങ്ങളും പാലങ്ങളും നിറഞ്ഞ പശ്ചിമഘട്ട മേഖലയായതിനാലാണ് വേഗതയില്‍ ഈ നിയന്ത്രണം. പുനലൂരില്‍ നിന്നും ആര്യങ്കാവുവരെ മൊത്തം 43 കിലോമീറ്ററാണ് പശ്ചിമഘട്ട മേഖല ഉള്‍പ്പെടുന്ന ദൂരം. പാതയില്‍ യാത്ര സുഗമമാക്കുന്നതിനായി പാളത്തില്‍ 12.5 ഡിഗ്രിയിലുണ്ടായിരുന്ന വളവുകള്‍ 10 ഡിഗ്രിയാക്കി കുറച്ചിരുന്നു. പരമാവധി വേഗത്തിലോടുമ്പോഴും യാത്ര സുരക്ഷിതമാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ പാതയില്‍ ട്രെയിന്‍ സര്‍വീസിന് കമ്മീഷണര്‍ അനുമതി നല്‍കൂ.ഇന്നലെ രാവിലെ പത്തിന് ന്യൂ ആര്യങ്കാവില്‍ നിന്നാണ് ആദ്യഘട്ട പരിശോധന തുടങ്ങിയത്. മോട്ടോര്‍ ട്രോളിയില്‍ സഞ്ചരിച്ചായിരുന്നു പരിശോധന. പാതയുടെ ഓരോ ഭാഗവും സസൂഷ്മം പരിശോധിച്ച സംഘം ഏതാനും പിഴവുകള്‍ ചൂണ്ടിക്കാട്ടി. കഴുതുരുട്ടിയില്‍ പതിമൂന്നു കണ്ണറപ്പാലത്തിനോട് ചേര്‍ന്നുള്ള മൂന്ന് തുരങ്കങ്ങള്‍ക്ക് വേണ്ടത്ര വിസ്തൃതിയില്ലെന്നതാണ് മുഖ്യമായും ചൂണ്ടിക്കാട്ടിയത്. പൊക്കവും വീതിയും അളന്നശേഷം പാറ പൊട്ടിച്ചു നീക്കാന്‍ കമ്മീഷണര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഓട നിര്‍മാണം പൂര്‍ത്തിയാക്കാത്തതും കമ്മീഷണര്‍ ചൂണ്ടിക്കാട്ടി. ന്യൂ ആര്യങ്കാവ് സ്‌റ്റേഷന് സമീപത്തെ കലുങ്ക്, കഴുതുരുട്ടി ജങ്ഷനില്‍ റയില്‍പ്പാളവും ദേശീയപാതയും തമ്മില്‍ വേര്‍തിരിക്കുന്ന ഇടഭിത്തി, കഴുതുരുട്ടി തുരങ്കത്തിന്റെ കവാടം എന്നിവ പൂര്‍ത്തിയാക്കാന്‍ കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു. പാതയിലെ ഓരോ പാലവും സംഘം വിശദമായി പരിശോധിച്ചു. പാതയില്‍ മെറ്റില്‍ പാകിയിട്ടുള്ളതും പ്രത്യേകം പരിശോധിച്ചു.

RELATED STORIES

Share it
Top