സുരക്ഷാവീഴ്ച്ച: ഇതര സംസ്ഥാന തൊഴിലാളിക്ക് പൊള്ളലേറ്റു

കളമശ്ശേരി: 220  കെവി ലൈനിന് അടിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാതെ നടക്കുന്ന കെട്ടിട നിര്‍മാണത്തിനിടെ ഇതര സംസ്ഥാന തൊഴിലാളിക്ക് പെള്ളലേറ്റു. പരിക്കേറ്റ ഒറിസ സ്വദേശി അനൂപ് റോയി എന്ന ബബ്ലു(19)നെ എറണാകുളം ഗവ. മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 10 മണിയോടെ സിപോര്‍ട്ട്—എയര്‍പോര്‍ട്ട് റോഡില്‍ കുസാറ്റ് ജങ്ഷന്‍ ബസ് സ്റ്റോപ്പിന് സമീപം നിര്‍മാണത്തിലിരിക്കുന്ന മൂന്ന് നില കെട്ടിടത്തിലാണ് അപകടം.
നഗരസഭ എന്‍ജിനീയറിങ് വിഭാഗവും കളമശ്ശേരി പോലിസും സംഭവസ്ഥലത്തെത്തി. കെട്ടിട നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ എന്‍ജിനീയറിങ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം അപകടകരമായ അനാസ്ഥയ്‌ക്കെതിരേ കോണ്‍ട്രക്റ്റര്‍ക്കെതിരേയും വര്‍ക്ക് സുപ്പര്‍വൈസര്‍ക്കെതിരേയും കളമശ്ശേരി പോലിസ് കേസ് എടുത്തതായി എസ്‌ഐ പ്രശാന്ത് ക്ലിന്റ് പറഞ്ഞു. നിര്‍മാണം നടക്കുന്ന കെട്ടിടത്തിലേക്ക് എടുത്ത താല്‍കാലിക വൈദ്യുതി കണക്ഷനില്‍ നിന്നും വലിച്ച ഇലക്ട്രിക്ക് വയര്‍ ചുരുണ്ട് കിടക്കുന്നത് ശരിയാക്കുന്നതിനിടയില്‍ കെട്ടിടത്തിന് തൊട്ട് മുകളിലുടെ കടന്ന് പോവുന്ന കളമശ്ശേരി സബ് സ്‌റ്റേഷനില്‍ നിന്നും അരൂര്‍ക്ക് വൈദ്യുതി എത്തിക്കുന്ന 220 കെവി ലൈനിന്റെ കാന്തിക വലയത്തില്‍ ഇലക്ട്രിക് വയര്‍ പെടുകയും വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും അമിതവൈദ്യുതി പ്രവാഹം ഉണ്ടാവുകയും കെട്ടിടത്തിന് മുകളില്‍ ജോലി ചെയ്ത് കൊണ്ടിരുന്ന അനൂപ് റോയിക്ക് പൊള്ളല്‍ ഏല്‍ക്കുകയും ചെയ്തു. സമീപത്തെ വീടുകളിലേയും ഓഫിസുകളിലേയും ഇലക്ട്രിക് ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
അപകടത്തില്‍ കെട്ടിടത്തിലേക്ക് താല്‍ക്കാലികമായി എടുത്ത വൈദ്യുതി കണക്ഷന്റ മീറ്റര്‍ കത്തി നശിക്കുകയും ചെയ്തിട്ടുണ്ട്. കണ്ണുര്‍ സ്വദേശിയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് കെട്ടിടം.

RELATED STORIES

Share it
Top