സുരക്ഷയില്ലാതെ മാലിന്യ സംസ്‌കരണ പ്ലാന്റിലെ തൊഴിലാളികള്‍

ഒറ്റപ്പാലം: നാടെങ്ങും പകര്‍ച്ചവ്യാധി പടരുമ്പോഴും യാതൊരു സുരക്ഷാ ഉപകരണവുമില്ലാതെ ഒരുകൂട്ടം സംസ്‌കരണ തൊഴിലാളികള്‍. നഗരസഭയുടെ പനമണ്ണ ഖരമാലിന്യ സംസ്‌കരണ പ്ലാന്റിലെ തൊഴിലാളികലാണ് മതിയായ സുരക്ഷാ സൗകര്യങ്ങളില്ലാതെ മാലിന്യങ്ങള്‍ക്കിടയില്‍ ജോലിടെയുക്കേണ്ടി വരുന്നത്. ദിനംപ്രതി മൂന്ന് ലോഡിലേറെ മാലിന്യമാണ് സംസ്‌കരണ പ്ലാന്റിലെത്തുന്നത്.
ആശുപത്രികളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുമുള്ള ചീഞ്ഞുനാറുന്ന മാലിന്യങ്ങള്‍ക്കിടയില്‍ കയ്യുറയോ, മാസ്‌കോ, പ്രത്യേക യൂനിഫോമോ, ബൂട്ടോ ഇല്ലാതെയാണ് തൊഴിലാളികള്‍ ജോലിയെടുക്കുന്നത്. മാലിന്യങ്ങള്‍ക്കിടയില്‍ നിന്ന് ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും വേര്‍തിരിക്കുന്നതാണ് ആദ്യത്തെ പണി. ഇതിന് പുറമേ ആശുപത്രി മാലിന്യങ്ങളും കത്തിച്ചു കളയാനുള്ളതും വേര്‍തിരിക്കുന്ന ജോലി വേറെയുമുണ്ട്. സ്ത്രീ തൊഴിലാളികളായ പതിനഞ്ച് പേര്‍ ജോലി ചെയ്യുന്ന പ്ലാന്റില്‍ ഒന്നോ, രണ്ടോ പേര്‍ക്ക് മാത്രമാണ് പേരിന് കൈയ്യുറയുള്ളത്. തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്ന ഇവര്‍ സ്വയം സുരക്ഷക്കായി സോക്‌സും ഷൂസും കൈയ്യില്‍ നിന്ന് പണമെടുത്ത് വാങ്ങിച്ചാണ് ഉപയോഗിക്കുന്നത്.
കൈകളില്‍ പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ചാണ് മാലിന്യങ്ങളില്‍ നിന്ന് രക്ഷനേടുന്നത്. മാസാമാസം പുതിയ തൊഴിലുപകരണങ്ങള്‍ തൊഴിലാളികള്‍ക്ക് ലഭ്യമാക്കണമെന്ന നിബന്ധന നിലനില്‍നില്‍ക്കേയാണ് സുരക്ഷാ സൗകര്യങ്ങള്‍ ലഭിക്കാതെ തൊഴിലാളികള്‍ക്ക് ജോലി ചെയ്യേണ്ടി വരുന്നത്. ഒന്നര പതിറ്റാണ്ടിലേറെയായി ഒരേ വേതനത്തില്‍ ജോലി ചെയ്യുന്നവര്‍ പോലും ഇക്കൂട്ടത്തിലുണ്ട്.

RELATED STORIES

Share it
Top