സുമേഷ് വധക്കേസ്‌ : രണ്ടുപേര്‍ പോലിസ് കസ്റ്റഡിയിലായതായി സൂചനകായംകുളം:കണ്ടല്ലൂര്‍ തെക്ക് ശരവണ ഭവനത്തില്‍ സുമേഷ് (27) വെട്ടേറ്റ മരിച്ച കേസില്‍ രണ്ടുപേര്‍ പോലിസ് കസ്റ്റഡിയിലായതായി  സൂചന  ശനിയാഴ്ച രാത്രി കണ്ടല്ലൂര്‍ കളരിക്കല്‍ ജങ്ഷനില്‍ സുഹൃത്തുക്കളുമൊത്ത് നില്‍ക്കുമ്പോള്‍ കാറിലെത്തിയ അഞ്ചംഗസംഘം സുമേഷിനെ വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു.വെട്ടേറ്റ സുമേഷ് സമീപമുള്ള വയലിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പിന്നാലെ എത്തിയ ഗുണ്ടാസംഘം വീണ്ടും ആക്രമിക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടുന്നത് കണ്ട് ഗുണ്ടാസംഘം വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം കാറില്‍ കയറി രക്ഷപ്പെട്ടു. പിന്നീട് പോലിസ് എത്തിയാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. മരിച്ച സുമേഷ്  ഇരുപതോളം കേസുകളില്‍ പ്രതിയാണ്. ഇതില്‍ മൂന്നെണ്ണം വധശ്രമകേസുകളാണ്. ഗുണ്ടാ അക്ട് പ്രകാരം ജയിലില്‍ ആയിരുന്ന സുമേഷ് ഒരുമാസം മുമ്പാണ് പുറത്തിറങ്ങിയത്. അക്രമി സംഘം ആസൂത്രിതമായിട്ടാണ് സുമേഷിനെ ആക്രമിച്ചത്. പൂര്‍വ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലിസ് നിഗമനം.ക്വട്ടേഷന്‍ സംഘത്തില്‍ പെട്ട സുമേഷ് പല ഭാഗങ്ങളിലും നടത്തിയ അക്രമങ്ങളെ കുറിച്ച് പോലിസ് വിവരം ശേഖരിച്ച ശേഷമാണ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചത്.ഒരു വര്‍ഷം മുമ്പ് കായംകുളം റെയില്‍വേ സ്റ്റേഷന് സമീപം സുമേഷിന്റെ നേതൃത്വത്തില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. കായംകുളം ഡിവൈഎസ്പി രാജേഷിനാണ് അന്വേഷണ ചുമതല. എഡിജിപി ബി സന്ധ്യ കനക്കുന്ന് പോലിസ് സ്റ്റേഷനിലെത്തി അന്വേഷണ പുരോഗതികള്‍ വിലയിരുത്തി. ആലപ്പുഴയില്‍ നിന്ന് ഫോറന്‍സിക് വിദഗ്ധര്‍ സംഭവ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി പേരേ പോലിസ് ചോദ്യം ചെയ്തുവരികയാണ്.

RELATED STORIES

Share it
Top