സുമാത്ര ദ്വീപില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 22 മരണം

ജകാര്‍ത്ത: കനത്ത നാശം വിതച്ച ഭൂകമ്പത്തിനും സുനാമിക്കും പിന്നാലെ ജനങ്ങളെ ഭീതിയിലാഴ്ത്തി ഇന്തോനീസ്യയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. ബുധനാഴ്ച മുതല്‍ തുടരുന്ന കനത്ത പേമാരിക്കു പിന്നാലെയുണ്ടായ മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലും മതപാഠശാലയിലെ 11 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 22 പേരാണ് മരിച്ചത്.
വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നിരവധി പേരെ കാണാതായി. 15ഓളം പേര്‍ക്ക് ഗുരുതര പരിക്കേറ്റു. നിരവധി പേര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സുമാത്രയുടെ വടക്കുപടിഞ്ഞാറ് മേഖലകളെയാണ് പ്രളയം ഗുരുതരമായി ബാധിച്ചത്. മരണസംഖ്യ ഉയരുമെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.
പ്രളയത്തില്‍ കെട്ടിടം തകര്‍ന്നാണ് മതപാഠശാലയിലെ വിദ്യാര്‍ഥികള്‍ അപകടത്തില്‍ പെട്ടത്. നിരവധി കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെ വടക്കന്‍ സുമാത്രയിലെ സിബോള്‍ഗ നഗരത്തില്‍ ഉണ്ടായ അതിശക്തമായ മണ്ണിടിച്ചില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയായിരുന്നു.
ഇന്തോനീസ്യയില്‍ അടുത്തിടെയുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും രണ്ടായിരത്തിലധികം പേരുടെ ജീവനാണ് നഷ്ടമായത്. അയ്യായിരത്തോളം ആളുകളെ കാണാതായതായാണ് ഔദ്യോഗിക വിവരം. ഇതില്‍ നിന്ന് രാജ്യം മുക്തമാകുന്നതിനു മുമ്പേയാണ് പുതിയ ദുരന്തം.

RELATED STORIES

Share it
Top