സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹരജി: ജഡ്ജി പിന്‍മാറി

ന്യൂഡല്‍ഹി: എയര്‍സെല്‍-മാക്‌സിസ് ഇടപാട് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥന്റെ അനധികൃത സ്വത്തുമായി ബന്ധപ്പെട്ട കേസില്‍ തന്നെ കക്ഷിചേര്‍ക്കണമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹരജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നു സുപ്രിംകോടതി ജഡ്ജി പിന്‍മാറി. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയാണ് കാരണം വ്യക്തമാക്കാതെ പിന്‍മാറിയത്. ഇഡി ഉദ്യോഗസ്ഥന്‍ രാജേശ്വര്‍ സിങിന്റെ സ്വത്തുക്കളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് രജനീഷ് കപൂറാണ് കോടതിയെ സമീപിച്ചത്.
ഈ ഹരജിയില്‍ സുപ്രിംകോടതി ജൂണ്‍ അഞ്ചിന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മണിന്ദര്‍ സിങിന്റെ സഹായം തേടിയത് എയര്‍സെല്‍-മാക്‌സിസ് കേസന്വേഷണം വൈകിപ്പിക്കാനാണെന്നാണ് സ്വാമി ആരോപിച്ചത്. ഇന്ദു മല്‍ഹോത്ര പിന്‍മാറിയതിനാല്‍ ജൂണ്‍ 25ന് മറ്റൊരു ബെഞ്ച് വാദം കേള്‍ക്കുമെന്നു ജസ്റ്റിസുമാരായ എസ് അബ്ദുല്‍ നസീറും മല്‍ഹോത്രയുമടങ്ങുന്ന ബെഞ്ച് സ്വാമിയെ അറിയിച്ചു. എയര്‍സെല്‍-മാക്‌സിസ് ഇടപാട് സംബന്ധിച്ച കേസിന്റെ അന്വേഷണം ആറു മാസത്തിനകം തീര്‍ക്കണമെന്നാണ് സുപ്രിംകോടതി നേരത്തേ പറഞ്ഞതെന്നു സ്വാമി കോടതിയില്‍ പറഞ്ഞു. അന്വേഷണം വൈകിപ്പിക്കുന്നതിന് ഉദ്യോഗസ്ഥന്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് അദ്ദേഹത്തിനെതിരേ റിട്ട് ഹരജി ഫയല്‍ ചെയ്തു. ശക്തരായ ചിലരുടെ നിര്‍ദേശപ്രകാരം അന്വേഷണം വൈകിപ്പിക്കുകയാണ്- സ്വാമി പറഞ്ഞു. അതിനാല്‍, റിട്ട് ഹരജിയില്‍ തന്നെ കക്ഷിയാക്കണമെന്നാണ് സ്വാമി ആവശ്യപ്പെട്ടത്.

RELATED STORIES

Share it
Top