സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നതിനെ ചൊല്ലി കൗണ്‍സിലില്‍ ബഹളം

ചാവക്കാട്: കോടതിയലക്ഷ്യ കേസില്‍ നിന്നും നഗരസഭ സെക്രട്ടറിയെ രക്ഷപ്പെടുത്തുന്നതിന് സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ 2,22,000 രൂപ അടക്കാനുള്ള അജണ്ടയെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ ഭരണപ്രതിപക്ഷ ബഹളം. വിയോജനക്കുറിപ്പ് നല്‍കി പ്രതിപക്ഷം യോഗം ബഹിഷ്‌ക്കരിച്ചു. പ്രധാനപ്പെട്ട ഈ വിഷയം അജണ്ടയുടെ 17 മത്തെ അജണ്ടയാക്കിയതിലും കേസുമായി ബന്ധപ്പെട്ട കുറിപ്പ് നല്‍കാത്തതിലും പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപ്പോക്ക് നടത്തിയത്.
നഗരസഭയില്‍ ബില്‍ഡിങ് പെര്‍മിറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് 2014ല്‍ കാക്കശേരി മുഹമ്മദലി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതിയുടെ നിര്‍ദ്ദേശം നടപ്പാക്കാത്തതിന്റെ പേരില്‍ നഗരസഭ സെക്രട്ടറിക്കെതിരെ ഹൈക്കോടതി നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ശിക്ഷാനടപടിയില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി ഭരണപക്ഷം സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിക്കുകയും കേസ് ഫയല്‍ ചെയ്യുന്നതിന് ഫീസ് ഇനത്തില്‍ മാത്രമായി 2,22,000 രൂപ വക്കീലിന് അനുവദിക്കുന്നതിനാണ് അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
എന്നാല്‍ ഇത്രയും വലിയ സംഖ്യ മുനിസിപ്പല്‍ ഫണ്ടില്‍ നിന്നും നല്‍കാനാവില്ലെന്നായിരുന്നു പ്രതിപക്ഷ നിലപാടെടുത്തപ്പോള്‍ ഇത് ചെയ്യാതിരിക്കാന്‍ കഴിയില്ലെന്നായിരുന്നു നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബറിന്റെ അഭിപ്രായം.
ഹൈക്കോടതിയുടെ ഉത്തരവ് പാലിച്ച് ഇത്രയും തുക ചെലവഴിക്കുന്നതില്‍ നിന്ന് നഗരസഭ പിന്‍മാറണമെന്ന് പ്രതിപക്ഷ നേതാവ് കെ കെ കാര്‍ത്യായനി ആവശ്യപ്പെട്ടു. എന്നാല്‍ ഈ അവശ്യം ഭരണപക്ഷം തയ്യാറായില്ല. ഇതോടെ കൗണ്‍സില്‍ യോഗം ബഹളത്തിലും  പ്രതിപക്ഷ അംഗങ്ങളുടെ ഇറങ്ങിപ്പോക്കിലും കലാശിക്കുകയായിരുന്നു.

RELATED STORIES

Share it
Top