സുപ്രിംകോടതി വിധി അട്ടിമറിക്കാന്‍ ശ്രമമെന്ന്; അതിര്‍ത്തിയില്‍ തമിഴ് സംഘടനകള്‍ റോഡ് ഉപരോധിച്ചു

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ തമിഴ്‌നാടിന് അനുകൂലമായി ലഭിച്ച സുപ്രിംകോടതി വിധി അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ ലോവര്‍ ക്യാംപില്‍ ദേശീയപാത ഉപരോധിച്ചു. അഭിഭാഷക സംഘം, മുല്ലപ്പെരിയാര്‍ മീട്പു കുഴു, കര്‍ഷക സംഘം എന്നിവയുടെ നേതൃത്വത്തിലാണ് കൊട്ടാരക്കര-ദിണ്ഡുക്കല്‍ ദേശീയപാത ഉപരോധിച്ചത്.
ലോവര്‍ ക്യാംപില്‍നിന്നും അതിര്‍ത്തിയിലേക്ക് പ്രതിഷേധപ്രകടനം ആരംഭിച്ചെങ്കിലും സമീപത്തുതന്നെ തമിഴ്‌നാട് പോലിസ് തടയുകയായിരുന്നു.
ഇതേതുടര്‍ന്ന് ബസ്‌സ്റ്റാന്റിനു സമീപത്ത് പ്രതിഷേധ യോഗം സംഘടിപ്പിച്ചതോടെ ഇതുവഴിയുള്ള ഗതാഗതം അര മണിക്കൂറോളം തടസ്സപ്പെട്ടു. സുപ്രിംകോടതി വിധിയെ തുടര്‍ന്ന് തമിഴ്‌നാട് രണ്ട് തവണ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയാക്കിയിരുന്നു. ഇത് അട്ടിമറിക്കുന്നതിനുള്ള നീക്കമാണ് കേരളം നടത്തുന്നത്. മുല്ലപ്പെരിയാറിന്റെ പേരില്‍ ആളുകളെ ഇളക്കി വിട്ട് ഉമ്മന്‍ചാണ്ടി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇതിന്റെ പേരില്‍ സാധാരണക്കാരെയാണ് സര്‍ക്കാര്‍ ബലിയാടാക്കുന്നത്. കേരളത്തിന്റെ നീക്കത്തിനെതിരേ തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഇടപെട്ട് തമിഴരുടെ അവകാശം സംരക്ഷിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
അണക്കെട്ടിന്റെ ചുമതലയുള്ള തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയും തടഞ്ഞ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന കേരളാ പോലിസിനെ മാറ്റി പകരം കേന്ദ്രസേനയെ മുല്ലപ്പെരിയാറില്‍ നിയോഗിക്കുക, അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കുന്നതിന് അടിയന്തരമായി തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
അഭിഭാഷക സംഘം തേനി ജില്ലാ സെക്രട്ടറി അഡ്വ. മുത്തുരാമലിങ്കം, പെരിയാര്‍ മീട്പുകുഴു ചെയര്‍മാന്‍ രഞ്ജിത്, കര്‍ഷക സംഘം സെക്രട്ടറി ചെങ്കുട്ടവന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
രാവിലെ പത്തരയോടെ ആരംഭിച്ച സമരം അരമണിക്കൂറോളം നീണ്ടു. ഇതേ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പോലിസ് തടഞ്ഞു.

RELATED STORIES

Share it
Top