സുപ്രിംകോടതി വിധിക്കെതിരേ അരുണ്‍ ജെയ്റ്റിലി

ന്യൂഡല്‍ഹി: ശബരിമലയില്‍ ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനാനുമതി നല്‍കിയ സുപ്രിംകോടതി വിധിക്കെതിരേ വിമര്‍ശനവുമായി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും. സുപ്രിംകോടതി വിധിക്കെതിരേ ബിജെപി അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അരുണ്‍ ജെയ്റ്റ്‌ലിയും കോടതിവിധിക്കെതിരേ തിരിഞ്ഞിരിക്കുന്നത്.
മതാനുഷ്ഠാനങ്ങള്‍ മൗലികാവകാശമാണെന്നും ഒരു അവകാശത്തിന്റെ പേരില്‍ മറ്റൊരു അവകാശത്തെ ഹനിക്കാനാവില്ലെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ നടന്ന അടല്‍ ബിഹാരി വാജ്‌പേയി അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന് ഉപദ്രവകരമല്ലാത്ത എല്ലാ ആചാരങ്ങളും അവകാശത്തിന്റെ പരിധിയില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരുകളുടെയോ മറ്റോ ഔദ്യോഗിക ഉത്തരവുകളിലൂടെ അല്ലാതെ സമൂഹത്തെ സ്വയം മാറ്റിയെടുക്കുന്നതാണ് എളുപ്പമെന്നും ഒരു മൗലികാവകാശം മറ്റൊന്നിനു പകരമാവില്ലെന്നും അദ്ദേഹം പറഞ്ഞു.
മാനുഷിക മൂല്യങ്ങള്‍ക്ക് വിരുദ്ധമല്ലാത്ത മതപരമായ ആചാരങ്ങളും നിയന്ത്രണങ്ങളും മൗലികാവകാശങ്ങളുടെ ഭാഗമാണ്. ഒരു മൗലികാവകാശം മറ്റൊന്നിനെ മറിക്കടക്കാനാവുമോ? ഒരാള്‍ മറ്റൊരാള്‍ക്ക് പകരമാവുമോ? ഒന്നിന് പകരം മറ്റൊന്നിനെ ഇല്ലാതാക്കാനാവുമോ? ഇതിന്റെ ഉത്തരം “ഇല്ല’ എന്നാണ്. രണ്ടും നിലനില്‍ക്കണം. അതിനാല്‍, രണ്ടും ഒരേസമയത്ത് സമാധാനപൂര്‍ണമായി നിലനില്‍ക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
പരമ്പരാഗതമായി, ഇന്ത്യന്‍ സമൂഹം സാമൂഹിക പരിഷ്‌കരണത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ശൈശവ വിവാഹം, സതി, ബഹുഭാര്യത്വം, ദിഭര്‍തൃത്വം എന്നിവയെ നിരോധിക്കുകയും വിധവാ പുനരധിവാസം അനുവദിക്കുകയും സ്ത്രീകളുടെ സ്വത്തില്‍ സന്തുലനം അനുവദിക്കുകയും ചെയ്യുന്ന സാമൂഹിക പരിഷ്‌കാരങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ സമൂഹങ്ങള്‍ അവരുടെ സ്വന്തം പ്രവര്‍ത്തനത്തിലൂടെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതാണ്, സര്‍ക്കാരുകളും മറ്റു ഔദ്യോഗിക ഏജന്‍സികളും ഉത്തരവിലൂടെ നടപ്പാക്കുന്നതിനേക്കാള്‍ എളുപ്പമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top