സുപ്രിംകോടതി വിധിക്കെതിരേ കെസിബിസി

കൊച്ചി: ഐപിസി 497 വകുപ്പ് റദ്ദാക്കിക്കൊണ്ട് വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലാതാക്കിയ സുപ്രിംകോടതി വിധി പ്രതിസന്ധിയുണ്ടാക്കുമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി). സ്ത്രീയുടെ സ്വയംനി ര്‍ണയാവകാശത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കുമാണ് വിധി ഊന്നല്‍ നല്‍കിയിരിക്കുന്നത്. പ്രത്യക്ഷത്തില്‍ ഇത് സ്വാഗതാര്‍ഹവും സ്ത്രീപക്ഷ കാഴ്ചപ്പാടുകളെ പ്രോല്‍സാഹിപ്പിക്കുന്നതുമാണ്. എങ്കിലും ഈ വിധി കുടുംബ-സാമൂഹിക ജീവിതങ്ങളെ കൂടുതല്‍ സങ്കീര്‍ണവും ക്ലേശപൂര്‍ണവുമാക്കുമോ എന്ന് ആശങ്കയുണ്ട്. വിധി ലൈംഗിക അരാജകത്വം മാത്രമല്ല, കുടുംബബന്ധങ്ങളുടെ തകര്‍ച്ചയ്ക്കും വിവാഹമോചനത്തോത് വര്‍ധിക്കുന്നതിനും കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നതിനും ഇടനല്‍കിയേക്കും. വിവാഹത്തെ ദുര്‍ബലപ്പെടുത്തുന്ന സമീപനമാണ് കോടതിവിധിയില്‍ നിഴലിക്കുന്നത്. വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലാതാകുമ്പോള്‍, പ്രായപൂര്‍ത്തിയായ ഏതു പുരുഷനും സ്ത്രീയും ഉഭയസമ്മതപ്രകാരം പുലര്‍ത്തുന്ന ലൈംഗിക ബന്ധം സാമൂഹികമായും ധാര്‍മികമായും തെറ്റല്ല എന്ന ധാരണയുണ്ടാകും. ഐപിസി 497ാം വകുപ്പ് ഉചിതമായ രീതിയില്‍ വ്യാഖ്യാനിച്ചോ ഭേദഗതി ചെയ്‌തോ ലിംഗസമത്വവും സ്ത്രീയുടെ അന്തസ്സും ഉയര്‍ത്തിപ്പിടിക്കുന്നതിനായിരുന്നു കോടതി ശ്രമിക്കേണ്ടതെന്നു കെസിബിസി ആവശ്യപ്പെട്ടു.
സസ്‌പെന്റ് ചെയ്തു
തിരുവനന്തപുരം: രജിസ്‌ട്രേഷന്‍ വകുപ്പിലെ തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ വി വി മണിയെ സസ്‌പെന്റ് ചെയ്തു. പൊതുജനങ്ങളില്‍ നിന്നു കൈക്കൂലി വാങ്ങുന്നതായി വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അന്വേഷണവിധേയമായാണ് സര്‍വീസില്‍ നിന്നു സസ്‌പെന്റ് ചെയ്തതെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

RELATED STORIES

Share it
Top