സുപ്രിംകോടതി: റോസ്റ്റര്‍ സംവിധാനം ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി: സുപ്രിംകോടതിയില്‍ കേസുകള്‍ വിഭജിക്കുന്നതിന് റോസ്റ്റര്‍ സംവിധാനം ഏര്‍പ്പെടുത്തി. ഇതുപ്രകാരം ഓരോ ജസ്റ്റിസുമാരും കൈകാര്യം ചെയ്യേണ്ട കേസുകളുടെ പട്ടിക പുറത്തിറക്കി. ഈ പട്ടിക പ്രകാരമാണ് ജസ്റ്റിസുമാര്‍ കേസ് പരിഗണിക്കുക. തിങ്കളാഴ്ച മുതല്‍ ഇപ്രകാരം കേസുകള്‍ പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, മദന്‍ ബി ലോകൂര്‍, രഞ്ജന്‍ ഗൊഗോയി, കുര്യന്‍ ജോസഫ്, എ കെ സിക്രി, എസ് എ ബോബ്‌ദേ, ആര്‍ കെ അഗര്‍വാള്‍, എന്‍ വി രമണ, അരുണ്‍ മിസ്ര, എ കെ ഗോയല്‍, ആര്‍ എഫ് നരിമാന്‍ എന്നിവരുടെ ബെഞ്ചുകള്‍ പരിഗണിക്കേണ്ട കേസുകള്‍ ചീഫ് ജസ്റ്റിസ് പുറത്തുവിട്ട വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പൊതുതാല്‍പര്യ ഹരജികള്‍, തിരഞ്ഞെടുപ്പ്, ക്രിമിനല്‍, സാമൂഹിക വിഷയങ്ങള്‍ എന്നീ കേസുകള്‍ കേള്‍ക്കും. തൊഴില്‍, നഷ്ടപരിഹാരം, ക്രിമിനല്‍, ഭൂമി സംബന്ധമായ കേസുകള്‍ ജസ്റ്റിസ് ചെലമേശ്വറിന്റെ ബെഞ്ച് പരിഗണിക്കും. ആദായനികുതി, കോടതിയലക്ഷ്യം, വ്യക്തിനിയമ കേസുകള്‍ തുടങ്ങിയവ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ബെഞ്ചിനാണ്. സാമൂഹികനീതി, പരിസ്ഥിതി, ഭൂമി ഏറ്റെടുക്കല്‍ സംബന്ധമായ കേസുകള്‍ ജസ്റ്റിസ് മദന്‍ ലോകൂറിന്റെ ബെഞ്ച് പരിഗണിക്കും. കുടുംബ നിയമം, സര്‍വീസ് വിഷയങ്ങള്‍, മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ തുടങ്ങിയവ ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ ബെഞ്ച് പരിഗണിക്കും. ക്രിമിനല്‍ കേസുകള്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിനാണ്. നേരത്തെ കേസുകള്‍ വിഭജിക്കുന്നതില്‍ ചീഫ് ജസ്റ്റിസ് വിവേചനം കാണിക്കുന്നതായി ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയി, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ ആരോപിച്ചിരുന്നു. ചീഫ് ജസ്റ്റിസിനെതിരേ മറ്റ് ജഡ്ജിമാര്‍ പരസ്യമായി രംഗത്തുവന്നത് വന്‍ വിവാദങ്ങള്‍ക്കു വഴിതുറന്നിരുന്നു.

RELATED STORIES

Share it
Top