സുപ്രിംകോടതി ഗുജറാത്ത് സര്‍ക്കാരിന്റെ പ്രതികരണമാരാഞ്ഞു

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപത്തില്‍ ഹിന്ദുത്വര്‍ കൂട്ട മാനഭംഗത്തിനിരയാക്കിയ ബില്‍കീസ് ഭാനുവിന് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ സുപ്രിംകോടതി ഗുജറാത്ത് സര്‍ക്കാരിന്റെ പ്രതികരണമാരാഞ്ഞു.
ഗുജറാത്ത് സര്‍ക്കാര്‍ മാര്‍ച്ച് 12നകം വിഷയത്തില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ട ഇരയ്ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതിനായി വിഷയത്തില്‍ പുനപ്പരിശോധന നടത്തണമെന്ന് അഭിഭാഷക ശോഭ മുഖേന ബില്‍കീസ് ഭാനു സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെടുന്നു. ഇത്തരം കേസുകളില്‍ നഷ്ടപരിഹാരം നല്‍കാന്‍ പുതിയ മാനദണ്ഡങ്ങള്‍ പരിഗണിക്കണം. അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിലൂടെ മാത്രമേ നീതിനിര്‍ഹണം നടപ്പിലാവൂ എന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. ഗര്‍ഭിണിയായിരിക്കവേയാണ് ബില്‍കീസ് ഭാനു കൂട്ട മാനഭംഗത്തിനിരയായത്. ഇവരുടെ കുടുംബത്തിലെ ഏഴുപേര്‍ കലാപത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കലാപത്തിന് സഹായം ചെയ്ത പോലിസുകാര്‍ക്കെതിരേ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നവംബറില്‍ സുപ്രിംകോടതി ഗുജറാത്ത് സര്‍ക്കാരിനു നോട്ടീസ്അയച്ചിരുന്നു.

RELATED STORIES

Share it
Top