സുപ്രിംകോടതി കരുത്തുകാട്ടുന്നു

ഇന്ദ്രപ്രസ്ഥം - നിരീക്ഷകന്‍

ജസ്റ്റിസ് ദീപക് മിശ്ര സമീപകാലത്തു വലിയ വിവാദങ്ങളില്‍ ചെന്നു കുടുങ്ങിയ ന്യായാധിപനാണ്. കേസുകള്‍ ജഡ്ജിമാര്‍ക്കും ബന്ധുക്കള്‍ക്കും വിഭജിച്ചുനല്‍കുന്നതിനെച്ചൊല്ലി കോടതിയിലെ സീനിയര്‍ ജഡ്ജിമാര്‍ പരസ്യമായിത്തന്നെ അദ്ദേഹത്തിനെതിരേ തിരിഞ്ഞു. ജസ്റ്റിസ് ചെലമേശ്വറും മറ്റു മൂന്ന് സീനിയര്‍ ജഡ്ജിമാരും ഒരവസരത്തില്‍ വാര്‍ത്താസമ്മേളനം തന്നെ വിളിച്ചുകൂട്ടി.
അത് ഇന്ത്യന്‍ നീതിന്യായചരിത്രത്തിലെ അസാധാരണ സംഭവവികാസമായിരുന്നു. റോസ്റ്റര്‍ സമ്പ്രദായം എന്നറിയപ്പെടുന്നത് കേസുകള്‍ വിവിധ ബെഞ്ചുകളിലേക്കു വിതരണം ചെയ്യുന്ന രീതിയാണ്. സുപ്രധാന കേസുകള്‍ സീനിയര്‍ ജഡ്ജിമാര്‍ ഉള്‍പ്പെട്ട ബെഞ്ചുകളിലാണു സാധാരണ വന്നുചേരുക. അതിനു പകരം ജൂനിയറായ ചില പ്രത്യേക ന്യായാധിപന്‍മാരുടെ ബെഞ്ചുകളിലേക്ക് നിര്‍ണായക കേസുകള്‍ പലതും ഒഴുകിപ്പോവുന്നു എന്നതായിരുന്നു പ്രശ്്‌നം.
റോസ്റ്റര്‍ സംവിധാനത്തില്‍ മാറ്റം വരുത്താന്‍ ദീപക് മിശ്ര തയ്യാറായില്ല. പക്ഷേ, പ്രധാനപ്പെട്ട പല കേസുകളിലും ശക്തമായ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ട് അത്തരം ആരോപണങ്ങളെ മറികടക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നു തോന്നുന്നു. സമീപകാലത്ത് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചില്‍ നിന്നു വളരെ ശക്തമായ വിധിന്യായങ്ങളാണു പുറത്തുവരുന്നത്. മനുഷ്യാവകാശങ്ങളും ഭരണഘടനാദത്തമായ പൗരാവകാശങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സജീവമായ ഇടപെടല്‍ നടത്തുന്ന വിധികളാണു പലതും.
അത്തരം വിധിന്യായങ്ങളില്‍ അവസാനത്തേതാണ് നമ്പി നാരായണന്‍ കേസില്‍ കഴിഞ്ഞ ദിവസമുണ്ടായ വിധി. 24 വര്‍ഷം മുമ്പ് പോലിസ് വേട്ടയില്‍ ജീവിതം തകര്‍ത്തെറിയപ്പെട്ട മനുഷ്യന്‍. ഐബിയിലെയും കേരള പോലിസിലെയും ചില കീചകവേഷങ്ങളാണ് അദ്ദേഹത്തിന്റെ നേരെ തിരിഞ്ഞത്. അതിനു മാധ്യമങ്ങള്‍ മിക്കതും കൂട്ടുനിന്നു. കേരളത്തിലെ പല രാഷ്ട്രീയക്കാര്‍ക്കും അതുകൊണ്ട് നേട്ടമുണ്ടായി. പോലിസിനെ വച്ച് രാഷ്ട്രീയശത്രുക്കളെ ഒതുക്കാനുള്ള വിദ്യയില്‍ പ്രവീണരായ പലര്‍ക്കും തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കാന്‍ പറ്റി. ഒരുകാലത്ത് കേരളത്തില്‍ തകര്‍ന്നടിഞ്ഞുപോയ കോണ്‍ഗ്രസ്സിനെ നട്ടെല്ലുയര്‍ത്തി നേരെനില്‍ക്കാന്‍ പഠിപ്പിച്ച കെ കരുണാകരനെ കെട്ടുകെട്ടിച്ച് മൂലയില്‍ പതുങ്ങിനിന്ന മാന്യന്‍മാര്‍ ഉന്നത പദവികള്‍ നേടിയെടുത്തു. അങ്ങനെ വലിയ പ്രതികരണങ്ങള്‍ സൃഷ്ടിച്ച ചാരക്കേസില്‍ സുപ്രിംകോടതിയുടെ അന്തിമവിധി കടുത്ത ഒരു ബോംബ് സ്‌ഫോടനം തന്നെയാണു സൃഷ്ടിച്ചിരിക്കുന്നത്.
പ്രശ്‌നം ഇന്ത്യയുടെ ആഭ്യന്തര അന്വേഷണ ഏജന്‍സിയുടെയും പോലിസ് സംവിധാനത്തിന്റെയും അകത്തളങ്ങളില്‍ എന്തു നടക്കുന്നു എന്നതാണ്. ആരെയും എങ്ങനെയും കേസില്‍പ്പെടുത്തി തകര്‍ത്തുകളയാമെന്ന് ഉറച്ചു വിശ്വസിക്കുന്ന പല കിരാതബുദ്ധികളും ഈ സംവിധാനങ്ങള്‍ക്കകത്തു പ്രവര്‍ത്തിക്കുന്നുണ്ട്്. അവര്‍ക്കു പലതരം ബന്ധങ്ങളും കൂട്ടുകെട്ടുകളുമുണ്ട്. അവര്‍ ക്വട്ടേഷന്‍ സംഘങ്ങളെപ്പോലെ പലര്‍ക്കുവേണ്ടിയും അഴിഞ്ഞാടുന്നുമുണ്ട്.
അത്തരത്തിലൊരു കേസാണ് ഐഎസ്ആര്‍ഒ ചാരക്കേസ് എന്നു കോടതി കണ്ടെത്തിയിരിക്കുന്നു. കേരള പോലിസിലെയും ഐബിയിലെയും വിദ്വാന്‍മാരെ അതികഠിനമായ വിമര്‍ശനത്തിനാണു കോടതി വിധേയമാക്കിയിരിക്കുന്നത്. പ്രഫഷനല്‍ മര്യാദകളും നിയമങ്ങളും പൂര്‍ണമായി ലംഘിച്ചുകൊണ്ടാണ് പലരും പെരുമാറിയത്. എന്താണ് അതിനു പ്രചോദനമായത്, ആര്‍ക്കുവേണ്ടിയാണ് ഈ നാടകം അരങ്ങേറിയത് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. അതങ്ങനെ വിടാന്‍ സുപ്രിംകോടതി തയ്യാറാവുന്നില്ല എന്നതാണ് വിധിയുടെ പ്രധാന ഗുണം. മുന്‍ സുപ്രിംകോടതി ജഡ്ജി തന്നെ അധ്യക്ഷനായ സമിതി കേസിന്റെ പിന്നിലെ ഗൂഢാലോചന അന്വേഷിക്കും. അതോടെ ഇത്രയുംകാലം പരമാനന്ദമായി വാണ പല പ്രമാണി ഉദ്യോഗസ്ഥരുടെയും തനിനിറം പുറത്തുവരും.
അങ്ങനെ അന്വേഷണം നടക്കുമ്പോള്‍ അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനം സംബന്ധിച്ച പരിശോധനയും വേണ്ടിവരും എന്നു തീര്‍ച്ച. ഐബിയിലിരുന്ന് സകല വൃത്തികേടുകളും നടത്തിയശേഷം മനുഷ്യാവകാശ പ്രവര്‍ത്തനവുമായി ഇറങ്ങിത്തിരിച്ചവരും പോലിസിലിരുന്ന് വൃത്തികേട് കാണിച്ചതിനു പ്രതിഫലമായി കിട്ടിയ സര്‍ക്കാര്‍ ലാവണങ്ങളിലിരുന്ന് ഉല്ലസിക്കുന്നവരുമൊക്കെ അല്‍പം ഞെട്ടലിലാണ്. സുപ്രിംകോടതിക്ക് ഇക്കാര്യത്തില്‍ നൂറുപൂച്ചെണ്ട്. ി

RELATED STORIES

Share it
Top