സുപ്രിംകോടതി ഉത്തരവ് രാത്രിയാത്രാ നിരോധനംസ്വാഗതം ചെയ്ത് വയനാട്‌

സുല്‍ത്താന്‍ ബത്തേരി: രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി ഉത്തരവ് സ്വാഗതം ചെയ്ത് ജില്ലയിലെ സംഘടനകള്‍. രാത്രിയാത്രാ നിരോധനം പരിഹരിക്കാന്‍ വനമേഖലയ്ക്ക് ആഘാതമുണ്ടാക്കാത്ത ബദല്‍മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ കമ്മിറ്റി രൂപീകരിക്കണമെന്നാണ് കോടതി നിര്‍ദേശം. തങ്ങളുടെ നിലപാടുകള്‍ക്കുള്ള അംഗീകാരം കൂടിയാണ് കോടതി ഉത്തരവെന്ന് നീലഗിരി-വയനാട് എന്‍എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി വിലയിരുത്തി. കേസില്‍ ആക്ഷന്‍ കമ്മിറ്റിയെ കക്ഷിയാക്കിക്കൊണ്ടുള്ള ഉത്തരവും സുപ്രിംകോടതി പുറപ്പെടുവിച്ചിട്ടുണ്ട്. കേരള-കര്‍ണാടക-തമിഴ്‌നാട് സര്‍ക്കാരുകളുടെയും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിലെയും ദേശീയപാതാ മന്ത്രാലയത്തിലെയും സെക്രട്ടറിമാരും ചേര്‍ന്ന കമ്മിറ്റിയോട് ബദല്‍മാര്‍ഗങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കാനും കേസിലെ കക്ഷികളോട് കമ്മിറ്റിക്ക് മുമ്പാകെ അഭിപ്രായങ്ങള്‍ അറിയിക്കാനുമാണ് സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുള്ളത്. രാത്രിയാത്രാ നിരോധനം പരിഹരിക്കപ്പെടേണ്ട പ്രശ്‌നമാണെന്നും വന്യജീവികള്‍ക്കും മനുഷ്യര്‍ക്കും സ്വീകാര്യമായ പരിഹാരമാണ് ഉണ്ടാവേണ്ടതെന്നുമാണ് കോടതി നിരീക്ഷണം. പല വിദേശരാജ്യങ്ങളിലെയും വന്യജീവി സങ്കേതങ്ങളില്‍ ഫലപ്രദമായി നടപ്പാക്കിയിട്ടുള്ള ജൈവപാലങ്ങളും ജൈവ ഇടനാഴിയും സംബന്ധിച്ച നിര്‍ദേശം ആക്ഷന്‍ കമ്മിറ്റി മുമ്പുതന്നെ സമര്‍പ്പിച്ചിരുന്നു. പുതുതായി രൂപീകരിക്കുന്ന കമ്മിറ്റിയുടെ മുമ്പാകെ സംസ്ഥാന സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലുണ്ടാവണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ആക്ഷന്‍ കമ്മിറ്റിയുടെ വാദങ്ങള്‍ സുപ്രിംകോടതി മുമ്പാകെ ഫലപ്രദമായി അവതരിപ്പിച്ച അഡ്വ. പി എസ് സുധീറിനെയും സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകര്‍ ഗോപാല്‍ സുബ്രഹ്മണ്യം, വി ഗിരി എന്നിവരെയും അഭിനന്ദിച്ചു. അഡ്വ. ടി എം റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ. പി വേണുഗോപാല്‍, പി വൈ മത്തായി, എം എ അസൈനാര്‍, വി മോഹനന്‍, ജോസ് കപ്യാര്‍മല, മോഹന്‍ നവരംഗ്, അനില്‍, ഷംസാദ്, ജോയിച്ചന്‍ വര്‍ഗീസ്, റാംമോഹന്‍ സംസാരിച്ചു. ദേശീയപാതയിലെ രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട കേസില്‍ വിദഗ്ധ സമിതിയെ വയ്ക്കാനുള്ള സുപ്രിംകോടതി തീരുമാനം സ്വാഗതാര്‍ഹമാണെന്നു ഫ്രീഡം ടു മൂവ് യോഗം അഭിപ്രായപ്പെട്ടു. സമിതി നടത്തുന്ന സിറ്റിങില്‍ റോഡ് തുറക്കണമെന്ന വാദം സംസ്ഥാന സര്‍ക്കാരിനെക്കൊണ്ട് ശക്തമായി ഉന്നയിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തും. അഭിഭാഷകരുടെ സഹായത്തോടെ ഫ്രീഡം ടു മൂവും സമിതി മുമ്പാകെ ശക്തമായ വാദമുയര്‍ത്തും. ബദല്‍പാതയെന്ന നിര്‍ദേശം ഒരു കാരണവശാലും അംഗീകരിക്കില്ല. നിലവിലുള്ള വനപാതയില്‍ ഭൂഗര്‍ഭ പാതയോ മേല്‍പ്പാലമോ നിര്‍ദേശിക്കപ്പെട്ടാല്‍ സ്വീകരിക്കും. അത്തരം തീരുമാനമാണ് നടപ്പാക്കുന്നതെങ്കില്‍ നിര്‍ദിഷ്ട പാതകളുടെ പണി പൂര്‍ത്തീകരിക്കുന്നതു വരെ നിലവിലുള്ള പാത തുറന്നിടണമെന്നും സമിതി മുമ്പാകെ ആവശ്യപ്പെടും. കര്‍ണാടകയുടെ തീരുമാനം കേരളത്തിന് അനുകൂലമാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ തുടരും. കോഴിക്കോട്, വയനാട് ജില്ലകളിലെ എംപിമാരെയും എംഎല്‍എമാരെയും രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കളെയും പങ്കെടുപ്പിച്ച് ഈ മാസാവസാനം സുല്‍ത്താന്‍ ബത്തേരിയില്‍ കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ക്കും. ശക്തമായ ഇടപെടലുകള്‍ നടത്തിയ എംഎല്‍എമാരായ സി കെ ശശീന്ദ്രന്‍, ഐ സി ബാലകൃഷ്ണന്‍ എന്നിവരെ യോഗം അഭിനന്ദിച്ചു. ചെയര്‍മാന്‍ എ കെ ജിതൂഷ്, കണ്‍വീനര്‍ ടിജി ചെറുതോട്ടില്‍, കോ-ഓഡിനേറ്റര്‍ സഫീര്‍ പഴേരി, പ്രദീപ് ഉഷ, ടോം ജോസഫ്, യഹിയ ചേനക്കല്‍, മംഗലശേരി, സംഷാദ്, കെ പി സജു, സക്കരി വാഴക്കണ്ടി, കെ മനോജ് കുമാര്‍, സി വി ഷിറാസ്, എന്‍ നിസാര്‍, ഷമീര്‍ ചേനക്കല്‍, ഷമീര്‍ മുന്ന സംസാരിച്ചു.

RELATED STORIES

Share it
Top