സുപ്രിംകോടതിയുടെ വേനലവധി വെട്ടിച്ചുരുക്കല്‍ ; നിയമവൃത്തങ്ങളില്‍ ചര്‍ച്ച സജീവമാകുന്നുന്യൂഡല്‍ഹി: ഒന്നരമാസം നീണ്ട സുപ്രിംകോടതിയുടെ വേനലവധി വെട്ടിച്ചുരുക്കുന്നത് സംബന്ധിച്ച് നിയമവൃത്തങ്ങളില്‍ ചര്‍ച്ച സജീവമാകുന്നു. അവധിക്കാലത്തും സുപ്രധാന കേസുകള്‍ കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ തയ്യാറായ സാഹചര്യത്തിലാണ് ചര്‍ച്ച സജീവമായിരിക്കുന്നത്. അവധിക്കാലത്തും കേസുകള്‍ പരിഗണിച്ച കോടതി നടപടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചിരുന്നു. മെയ് 11 മുതല്‍ ജൂണ്‍ 30 വരെയാണ് കോടതിയുടെ അവധിക്കാലം. മുത്ത്വലാഖ്, വാട്‌സ്ആപ്പിന്റെ സ്വകാര്യത, നിയമവിരുദ്ധ കുടിയേറ്റക്കാരുടെ കുട്ടികള്‍ക്ക് ഇന്ത്യന്‍ പൗരത്വം എന്നീ കേസുകളാണ് അവധിക്കാല ബെഞ്ചിലേക്ക വച്ചിരുന്നത്.  അവധിക്കാലവും അതിന്റെ കാലപരിധിയും തീരുമാനിക്കുന്നത് സുപ്രിംകോടതിയുടെയും ഹൈക്കോടതിയുടെയും ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ്. ഇതില്‍ സര്‍ക്കാരിന് ഇടപെടാന്‍ അവകാശമില്ല. കോടതിയുടെ അവധിക്കാലം ഏഴാഴ്ചയില്‍ കൂടാന്‍ പാടില്ലെന്ന് സുപ്രിംകോടതി 2013ല്‍ വിധിച്ചു. അന്നുമുതല്‍ ഏഴാഴ്ച തന്നെയാണ് സുപ്രിംകോടതി അവധിയെടുക്കുന്നത്. അവധിക്കാലത്ത് കോടതി ചേരുന്നതിനെ ആദ്യമായി എതിര്‍ത്തത് ജസ്റ്റിസ് ചെലമേശ്വറാണ്. ആധാര്‍ കേസ് അവധിക്കാലത്ത് പരിഗണിക്കാന്‍ ചെലമേശ്വര്‍ വിസമ്മതിച്ചു. ആധാര്‍ കേസ് പരിഗണിക്കുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ തലവനായിരുന്നു ചെലമേശ്വര്‍. ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിട്ടും അദ്ദേഹം കേസ് കേള്‍ക്കാന്‍ തയ്യാറായില്ല.

RELATED STORIES

Share it
Top