സുപ്രിംകോടതിയും പോലിസിന്റെ ക്രൂരതകളും

എനിക്ക് തോന്നുന്നത് - ഡോ. തേമ്പാംമൂട് സഹദേവന്‍, തിരുവനന്തപുരം
ജനങ്ങളുടെ ജീവനും സ്വത്തും കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥരായ പോലിസ് മനുഷ്യനെ കൊലപ്പെടുത്തുന്നവരും മര്‍ദിക്കുന്നവരും പീഡിപ്പിക്കുന്നവരുമൊക്കെയായി മാറിയിരിക്കുന്നു. കേരളത്തിലെ പോലിസ് സ്‌റ്റേഷനുകളില്‍ കൊലപാതകങ്ങളും മൂന്നാംമുറകളും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ അവസാനത്തേതാണ് വരാപ്പുഴ ശ്രീജിത്തിന് പോലിസ് സ്‌റ്റേഷനില്‍ വച്ച് ക്രൂരമര്‍ദനമേറ്റു ജീവന്‍ നഷ്ടമായ സംഭവം. ഇത് ഒറ്റപ്പെട്ടതല്ല. ഇതിനു മുമ്പും ഇത്തരം സംഭവങ്ങള്‍ ഏറെ ഉണ്ടായിട്ടുണ്ട്. മനുഷ്യാവകാശ സംരക്ഷണ നിയമങ്ങളുള്ള രാജ്യത്താണ് ഇത്തരം പാതകങ്ങള്‍ അരങ്ങേറുന്നത്. സുപ്രിംകോടതി നിര്‍ദേശങ്ങള്‍ പോലിസ് സ്റ്റേഷനുകളില്‍ ചില്ലിട്ടുവച്ചിരിക്കുന്നതിന്റെ താഴെയാണ് ശ്രീജിത്തിനെ മര്‍ദിച്ച് കൊലപ്പെടുത്തിയത്.
ജനങ്ങള്‍ക്ക് നീതിന്യായം ഉറപ്പുവരുത്തേണ്ട നിയമപാലകരില്‍ ചെറുന്യൂനപക്ഷത്തിന്റെ ഇത്തരം ചെയ്തികള്‍ മൂലം പോലിസ് സേന മൊത്തം നാണംകെടുന്ന അവസ്ഥയാണ്. പൊതുജനത്തിന്റെ മുന്നിലും നടുറോഡിലും വച്ച് അസഭ്യം പറഞ്ഞ് മാനസികമായി പീഡിപ്പിക്കുകയും സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദിക്കുകയും ചെയ്യുന്നവരില്‍ വിദ്യാസമ്പന്നരായ പോലിസ് ഏമാന്‍മാര്‍പോലുമുണ്ട്.
ഒരു പ്രതിയെ പോലിസ് അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടികള്‍ സംബന്ധിച്ച സുപ്രിംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നടപ്പാക്കണമെന്നും ടിവി, റേഡിയോ തുടങ്ങിയ മാധ്യമങ്ങളിലൂടെ കൂടക്കൂടെ പ്രക്ഷേപണം ചെയ്യണമെന്നും പോലിസ് സ്‌റ്റേഷനുകളുടെ പ്രധാനപ്പെട്ട പ്രദേശങ്ങളില്‍ ജനങ്ങള്‍ക്കു കാണത്തക്കരീതിയില്‍ ബോര്‍ഡില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്നും വ്യക്തമായി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ വകുപ്പുതല നടപടിക്കും കോടതിയലക്ഷ്യ നടപടിക്കും വിധേയമായിരിക്കും എന്നുകൂടി എടുത്തുപറഞ്ഞിരുന്നു. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ കാലാകാലങ്ങളില്‍ അധികാരത്തില്‍ വന്ന സര്‍ക്കാരുകളും ഡിജിപിയും കര്‍ശനമായി നടപ്പാക്കാന്‍ ശ്രമിക്കാതിരുന്നത് പോലിസുകാര്‍ക്ക് കുറ്റകൃത്യത്തിന് പ്രോല്‍സാഹനമായി.
കസ്റ്റഡി പീഡനങ്ങള്‍ സംബന്ധിച്ച് പോലിസുകാര്‍ക്കെതിരേയുള്ള പരാതികള്‍ സ്വതന്ത്ര ഏജന്‍സികള്‍ അന്വേഷിക്കണം. മനുഷ്യാവകാശങ്ങളെ ബഹുമാനിക്കാനും ശാസ്ത്രീയമായ അന്വേഷണരീതികള്‍ സ്വീകരിക്കാനും പോലിസുകാരുടെ സമീപനത്തിലും മനോഭാവത്തിലും മാറ്റം വരണമെന്നും അതിന് പോലിസ് ട്രെയിനിങ് പരിഷ്‌കരിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. കേസന്വേഷണത്തിനും മൊഴി രേഖപ്പെടുത്തുന്നതിനും ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കണം. മഹസര്‍, പ്രഥമ വിവര റിപോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്, സാക്ഷിമൊഴി എന്നിവ രേഖപ്പെടുത്തുമ്പോള്‍ സുതാര്യത ഉറപ്പാക്കാന്‍ വീഡിയോ, കംപ്യൂട്ടര്‍ തുടങ്ങിയ സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തണം.
ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ അന്വേഷണപ്രക്രിയയും അറസ്റ്റും ചോദ്യംചെയ്യലും സൂക്ഷ്മതയോടെ നിരീക്ഷിക്കണം. കുറ്റക്കാരായ പോലിസുകാര്‍ക്കെതിരേ പീഡനത്തിനിരയായ വ്യക്തികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാമെന്ന് 2006 ഫെബ്രുവരിയില്‍ സുപ്രിംകോടതി കല്‍പന നല്‍കിയിട്ടുള്ളതാണ്. ഇവയൊക്കെ കാറ്റില്‍പ്പറത്തിയാണ് പോലിസിന്റെ മര്‍ദന, കൊലപാതക തേരോട്ടം! സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നിയോഗിച്ച പോലിസ് പെര്‍ഫോമന്‍സ് ആന്റ് അക്കൗണ്ടബിലിറ്റി കമ്മീഷന്‍ റിപോര്‍ട്ട് കോള്‍ഡ് സ്‌റ്റോറേജില്‍ അന്തിയുറങ്ങുന്നു. സ്വാതന്ത്ര്യം ലഭിച്ച് ഏഴുപതിറ്റാണ്ടായിട്ടും ഇന്നും ബ്രിട്ടിഷുകാരുടെ പോലിസ് നിയമമാണ് ഇവിടെ നടമാടുന്നത്.

RELATED STORIES

Share it
Top