സുപ്രിംകോടതിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ നാലംഗ സമിതി

ന്യൂഡല്‍ഹി: സുപ്രിംകോടതിയിലെ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിനായി നാലംഗ സമിതിയെ നിയോഗിക്കാന്‍ തീരുമാനം. കഴിഞ്ഞദിവസം ചേര്‍ന്ന സുപ്രിംകോടതി ജഡ്ജിമാരുടെ യോഗത്തില്‍ എല്ലാ ജഡ്ജിമാരും ഇക്കാര്യം അംഗീകരിച്ചു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരേ പ്രതിപക്ഷ എംപിമാര്‍ കൊണ്ടുവന്ന ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു തള്ളിയതിനു പിന്നാലെ ചീഫ് ജസ്റ്റിസും മറ്റു ജഡ്ജിമാരും പങ്കെടുത്ത അനൗദ്യോഗിക യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
ജസ്റ്റിസുമാരായ എ കെ സിക്രി, യു യു ലളിത്, ഡി വൈ ചന്ദ്രചൂഡ്, സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരടങ്ങിയ സമിതി മറ്റു ജഡ്ജിമാരുടെ പരാതികളും നിര്‍ദേശങ്ങളും കേള്‍ക്കും. ഇടയ്ക്കിടെ നടക്കുന്ന ജഡ്ജിമാരുടെ അനൗദ്യോഗിക യോഗങ്ങളില്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
സുപ്രിംകോടതിയിലെ മുഴുവന്‍ ജഡ്ജിമാരെയും വിളിച്ചുകൂട്ടി ഫുള്‍കോര്‍ട്ട് ചേരണമെന്ന നിര്‍ദേശവും ഉയര്‍ന്നുവെങ്കിലും അതിനുള്ള സമ്മര്‍ദം യോഗത്തിലുണ്ടായില്ലെന്നാണ് റിപോര്‍ട്ട്.
സാധാരണ കോടതി നടപടികള്‍ ആരംഭിക്കുന്നതിനു മുമ്പ് ചീഫ് ജസ്റ്റിസും മറ്റു ജഡ്ജിമാരും കൂടിയിരിക്കാറുണ്ടെങ്കിലും കഴിഞ്ഞദിവസത്തെ യോഗം ദൈര്‍ഘ്യമേറിയതായിരുന്നു. സുപ്രിംകോടതി, ഹൈക്കോടതി ജഡ്ജിമാരുടെ നിയമനങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. കൊളീജിയം ശുപാര്‍ശ ചെയ്ത ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച വിഷയങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങളില്‍ തന്റെ കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് യോഗത്തില്‍ വ്യക്തമാക്കിയതായാണ് റിപോര്‍ട്ടുകള്‍. ജസ്റ്റിസ് ജെ ചെലമേശ്വര്‍ ഒഴികെയുള്ള ജഡ്ജിമാര്‍ യോഗത്തില്‍ സംസാരിച്ചു.

RELATED STORIES

Share it
Top