സുപ്രിംകോടതിയിലെ പ്രതിസന്ധി: ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ ജസ്റ്റിസ് ചെലമേശ്വറിന്റെ വസതിയില്‍: പിന്നോട്ടില്ലെന്ന സുചനയുമായി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ മുതിര്‍ന്ന നാല് ജഡ്ജിമാര്‍ പരസ്യമായി രംഗത്തെത്തിയതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ശ്രമമാരംഭിച്ചു. ജസ്റ്റിസ് ചെലമേശ്വറിന്റെ വസതിയില്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രതിനിധികള്‍ ചര്‍ച്ചക്കായി എത്തിയിട്ടുണ്ട്. കൗണ്‍സില്‍ പ്രതിനിധികള്‍ ചീഫ് ജസ്റ്റിസിനെതിരെ രംഗത്തെത്തിയ മറ്റ് മൂന്ന് ജഡ്ജിമാരായ രജ്ഞന്‍ ഗൊഗോയ്,മദന്‍ ബി താക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരുമായും ചര്‍ച്ച നടത്തും. ഇതിനു ശേഷം ഇവര്‍ വൈകുന്നേരം 7.30ഓടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി കൂടികാഴ്ച നടത്തും. അതിനു ശേഷമെ വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാവു.എന്നാല്‍ താന്‍ പിന്നോട്ടില്ലെന്ന സൂചനയാണ് ചീഫ് ജസ്റ്റിസ് നല്‍കുന്നത്. ഭരണഘടന ബെഞ്ചുകളില്‍ നിന്ന് മുതിര്‍ന്ന ജഡ്ജിമാരെ തഴയുന്നുവെന്നതായിരുന്നു ജസ്റ്റിസുമാരായ ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലൊക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരുടെ ആരോപണങ്ങളില്‍ ഉണ്ടായിരുന്ന പ്രധാനപ്പെട്ട വിഷയങ്ങളിലൊന്ന്. നിലവിലുള്ള ഭരണഘടനാ ബെഞ്ചുകള്‍ നാളെ മുതല്‍ വീണ്ടും നടപടികളുമായി മുന്നോട്ട് പോവുമെന്നാണ് ഇപ്പോള്‍ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരിക്കുന്നത്. പ്രശ്‌നപരിഹാരത്തിനായി ഇന്നലെയാണ് ബാര്‍ കൗണ്‍സില്‍ ഏഴംഗ സമിതിക്കു രൂപം നല്‍കിയത്. അതേസമയം, ജഡ്ജിമാര്‍ക്കിടയില്‍ തിങ്കളാഴ്ചയോടെ ഐക്യമുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുതിര്‍ന്ന നിയമ ഉദ്യോഗസ്ഥനായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പറഞ്ഞു. ജുഡീഷ്യറിയുടെ വിശാല താല്‍പര്യം മുന്‍നിര്‍ത്തി മുഴുവന്‍ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യതന്ത്രജ്ഞരും അനുഭവസമ്പത്തുമുള്ള ബുദ്ധിമാന്‍മാരാണ് ജഡ്ജിമാര്‍. പ്രശ്‌നങ്ങളുടെ തീവ്രത വര്‍ധിപ്പിക്കാന്‍ അവര്‍ അനുവദിക്കില്ലെന്നാണ് തങ്ങളുടെ വിശ്വാസമെന്നും അറ്റോര്‍ണി ജനറല്‍ ഒരു ദേശീയ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ചീഫ്ജസ്റ്റിസ് ദീപക് മിശ്ര കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തിയ നാലു ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപോര്‍ട്ടുണ്ട്. നാലു പേരില്‍ മൂന്നു പേരും ഇന്നലെ ഡല്‍ഹിക്ക് പുറത്തായിരുന്നു. ചീഫ്ജസ്റ്റിസുമായി കൂടിക്കാഴ്ചയ്ക്കായി അവര്‍ തിരിച്ചെത്തുമെന്നാണ് റിപോര്‍ട്ട്. അതിനിടെ, ജുഡീഷ്യറിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി തിങ്കളാഴ്ച സുപ്രിംകോടതിയിലെ മുഴുവന്‍ ജഡ്ജിമാരെയും വിളിച്ചുചേര്‍ത്ത് ഫുള്‍കോര്‍ട്ട് ചേരുമെന്നും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട്.

RELATED STORIES

Share it
Top