സുപ്രിംകോടതിയിലെ പ്രതിസന്ധി പ്രശ്‌നപരിഹാരത്തിന് തിരക്കിട്ട ശ്രമം

ന്യൂഡല്‍ഹി: നീതിന്യായ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത രീതിയില്‍ രാജ്യത്തെ പരമോന്നത നീതിപീഠത്തിലുണ്ടായ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു വിവിധ തലങ്ങളില്‍ തിരക്കിട്ട ശ്രമങ്ങള്‍ ആരംഭിച്ചു. ചീഫ്ജസ്റ്റിസ് ദീപക് മിശ്രയും മുതിര്‍ന്ന ജഡ്ജിമാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു ബാര്‍ കൗണ്‍സില്‍ ഏഴംഗ സമിതിക്കു രൂപം നല്‍കി.
ന്യായാധിപന്മാരുമായി ഏഴംഗ സമിതി കൂടിക്കാഴ്ച നടത്തി പ്രശ്‌നം പരിഹരിക്കുമെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിനു ശേഷം ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര പറഞ്ഞു. സുപ്രിംകോടതിയുടെ ഭരണസംവിധാനത്തിനും ചീഫ്ജസ്റ്റിസ് ദീപക് മിശ്രയ്ക്കുമെതിരേ മുതിര്‍ന്ന നാലു ജഡ്ജിമാര്‍ രംഗത്തെത്തുകയും വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നത്.
ജഡ്ജിമാര്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം വ്യവസ്ഥിതിയെ വിറപ്പിച്ചുവെന്ന് അഭിഭാഷകരുടെ കാര്യനിര്‍വഹണ സമിതിയായ ബാര്‍ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ജഡ്ജിമാര്‍ക്കിടയിലുണ്ടായ ഭിന്നിപ്പില്‍ ബാര്‍ കൗണ്‍സില്‍ ശക്തമായ വിയോജിപ്പ് അറിയിച്ചു. പ്രശ്‌നം കോടതിക്കകത്തുതന്നെ പരിഹരിക്കപ്പെടണമെന്നാണ് കൗണ്‍സില്‍ ആഗ്രഹിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു. പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിനു ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തും. പരസ്യമായി വിഴുപ്പലക്കാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും വിഷയങ്ങള്‍ പറയാന്‍ കാമറയ്ക്കു മുമ്പിലേക്കു പോകുന്നത് സംവിധാനത്തെ ദുര്‍ബലമാക്കുമെന്നും മനന്‍ കുമാര്‍ മിശ്ര പറഞ്ഞു.
പകുതിയോളം ജഡ്ജിമാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനം നടത്തിയ നാലു ജഡ്ജിമാരുമായാണ് ആദ്യം കാണുക. തുടര്‍ന്ന് ചീഫ്ജസ്റ്റിസിനെയും കാണും. ആദ്യഘട്ട കൂടിക്കാഴ്ച ഇന്ന് ആരംഭിക്കുമെന്നും മിശ്ര പറഞ്ഞു.
അതേസമയം, ജഡ്ജിമാര്‍ക്കിടയില്‍ തിങ്കളാഴ്ചയോടെ ഐക്യമുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുതിര്‍ന്ന നിയമ ഉദ്യോഗസ്ഥനായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പറഞ്ഞു. ജുഡീഷ്യറിയുടെ വിശാല താല്‍പര്യം മുന്‍നിര്‍ത്തി മുഴുവന്‍ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യതന്ത്രജ്ഞരും അനുഭവസമ്പത്തുമുള്ള ബുദ്ധിമാന്‍മാരാണ് ജഡ്ജിമാര്‍. പ്രശ്‌നങ്ങളുടെ തീവ്രത വര്‍ധിപ്പിക്കാന്‍ അവര്‍ അനുവദിക്കില്ലെന്നാണ് തങ്ങളുടെ വിശ്വാസമെന്നും അറ്റോര്‍ണി ജനറല്‍ ഒരു ദേശീയ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ചീഫ്ജസ്റ്റിസ് ദീപക് മിശ്ര കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തിയ നാലു ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപോര്‍ട്ടുണ്ട്. നാലു പേരില്‍ മൂന്നു പേരും ഇന്നലെ ഡല്‍ഹിക്ക് പുറത്തായിരുന്നു. ചീഫ്ജസ്റ്റിസുമായി കൂടിക്കാഴ്ചയ്ക്കായി അവര്‍ തിരിച്ചെത്തുമെന്നാണ് റിപോര്‍ട്ട്. അതിനിടെ, ജുഡീഷ്യറിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി തിങ്കളാഴ്ച സുപ്രിംകോടതിയിലെ മുഴുവന്‍ ജഡ്ജിമാരെയും വിളിച്ചുചേര്‍ത്ത് ഫുള്‍കോര്‍ട്ട് ചേരുമെന്നും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട്.
രണ്ടു മാസത്തോളമായി നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കാതിരുന്ന ചീഫ്ജസ്റ്റിസ് ദീപക് മിശ്രയുടെ നടപടിയില്‍ ദുഃഖമുണ്ടെന്ന് മുന്‍ ചീഫ്ജസ്റ്റിസ് ആര്‍ എം ലോധ അഭിപ്രായപ്പെട്ടു. പ്രശ്‌നപരിഹാരം കോടതിക്കകത്തു നിന്നുതന്നെ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ചീഫ്ജസ്റ്റിസ് ദീപക് മിശ്ര തന്നെ പിന്തുണയ്ക്കുന്ന ജഡ്ജിമാരുമായി ചര്‍ച്ച നടത്തിയതായി വാര്‍ത്തയുണ്ട്. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിനു പുറമേ ചില അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍മാരുമായും ചീഫ്ജസ്റ്റിസ് കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയതായാണ് സൂചന. സുപ്രിംകോടതിയില്‍ നിന്ന് വിരമിച്ച ചില ജഡ്ജിമാരും ദീപക് മിശ്രയുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top