സുപ്രിംകോടതിക്കുള്ളില്‍ അംറപാലി ഗ്രൂപ്പ് ഉടമകളെ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: രേഖകള്‍ പരിശോധനയ്ക്കായി ഹാജരാക്കുന്നതില്‍ വീഴ്ചവരുത്തിയ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ ഭീമന്‍മാരായ അംറപാലി ഗ്രൂപ്പിന്റെ ഉടമകളെ കോടതിക്കുള്ളില്‍ വച്ച് അറസ്റ്റ് ചെയ്യാന്‍ സുപ്രിംകോടതി ഉത്തരവ്. രേഖകള്‍ ഹാജരാക്കുന്നതു വരെ അവരെ കസ്റ്റഡിയില്‍ വയ്ക്കാന്‍ ജസ്റ്റിസുമാരായ അരുണ്‍ കുമാര്‍ മിശ്ര, ഉദയ് ഉമേഷ് ലളിത് എന്നിവരങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് പോലിസ് അംറപാലി പ്രമോട്ടര്‍ അനില്‍ ശര്‍മ, ഡയറക്ടര്‍മാരായ ശിവപ്രിയ, അജയ് കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തു.
ബാങ്ക് ഓഫ ബറോഡ അലഹബാദ് ബ്രാഞ്ചിന്റെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ കമ്പനിയെ പാപ്പരായി പ്രഖ്യാപിച്ചതു സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അംറപാലിയില്‍ നിന്ന് ഫഌറ്റ് വാങ്ങിയ 100ലധികം പേര്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
തങ്ങള്‍ നല്‍കിയ പണം മറ്റ് ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചുവെന്ന ഫഌറ്റ് വാങ്ങിയവരുടെ പരാതി പരിശോധിക്കുന്നതിന് അക്കൗണ്ട്‌സ് സംബന്ധമായ എല്ലാ രേഖകളും കോടതിയില്‍ ഹാജരാക്കാന്‍ സപ്തംബര്‍ 12ന് അംറപാലിയോട് സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു. രേഖകള്‍ ഫോറന്‍സിക് ഓഡിറ്റിങിന് വിധേയമാക്കാനായിരുന്നു കോടതി നിര്‍ദേശം. എന്നാല്‍ രേഖകള്‍ ഹാജരാക്കാന്‍ അംറപാലി അധികൃതര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണു കോടതി അറസ്റ്റിന് ഉത്തരവിട്ടത്. ഉടമകള്‍ ഒളിച്ചുകളിക്കുകയാണെന്നു കുറ്റപ്പെടുത്തിയ സുപ്രിംകോടതി ഇതു സംബന്ധിച്ചു വിശദീകരണം തരാനും അംറപാലിയുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടു. കമ്പനി ഫണ്ട് വകമാറ്റി ചെലവഴിച്ചതായി കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അംറപാലി ഗ്രൂപ്പിന് കീഴിലുള്ള 40 കമ്പനികളുടെ അക്കൗണ്ട് വിവരങ്ങള്‍ കോടതി ആവശ്യപ്പെട്ടു.
അതോടൊപ്പം അക്കൗണ്ട് മരവിപ്പിക്കുകയും ഉടമകളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തു. കേസില്‍ സപ്തംബര്‍ 12നു കോടതി ഡെബിറ്റ് റിക്കവറി ട്രൈബ്യൂണലിനെ നിയമിച്ചിരുന്നു. കമ്പനിയുടെ സ്വത്തുക്കള്‍ ലേലം ചെയ്യാനായിരുന്നു ഇത്. 1,590 കോടിയാണ് മൂല്യം കണക്കാക്കിയിട്ടുള്ളത്. ഈ പണം കൊണ്ട് ഫഌറ്റിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനും ഉത്തരവിട്ടിരുന്നു. ഇത്തരത്തില്‍ കിട്ടുന്ന പണം കേന്ദ്രസര്‍ക്കാരിന്റെ നാഷനല്‍ ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെ അക്കൗണ്ടിലാണെത്തുക. അവര്‍ ഈ പണം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും.

RELATED STORIES

Share it
Top