സുന്നി ഐക്യശ്രമത്തിനു മുന്നില്‍ നിന്ന സമസ്ത നേതാവിനെ ലീഗ് ഇടപെട്ടു പുറത്താക്കി

ആബിദ്

കോഴിക്കോട്: സുന്നി ഐക്യശ്രമത്തിന് മുന്നില്‍ നില്‍ക്കുന്ന സമസ്ത നേതാവിനെ മുസ്‌ലിംലീഗ് നേതൃത്വം ഇടപെട്ട് സുന്നി മഹല്ല് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി. സമസ്ത കേന്ദ്ര മുശവാറ അംഗവും സുന്നി ഐക്യ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കുന്ന സമിതി അംഗവുമായ ഉമര്‍ ഫൈസി മുക്കത്തിനാണു സ്ഥാനം തെറിച്ചത്.
ഇന്നലെ സമസ്താലയത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു നടപടി. ലീഗ് നേതാവായ പാണക്കാട് സാദിഖലി തങ്ങള്‍ ഐക്യം തകര്‍ക്കുന്നുവെന്നു സമസ്ത മുശാവറ യോഗത്തില്‍ ഉമര്‍ ഫൈസി ആരോപിച്ചിരുന്നു. ഇതാണ് തിരക്കിട്ട നീക്കത്തിനു പിന്നിലെന്നാണു സംശയം. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ നേരിട്ട് ഉപയോഗിച്ചാണ് ഉമര്‍ ഫൈസിയെ പുറത്താക്കാന്‍ ചുക്കാന്‍പിടിച്ചത്. ഹൈദരലി തങ്ങളാണ് എസ്എംഎഫിന്റെയും പ്രസിഡന്റ്. ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജിയാണ് പുതിയ ജനറല്‍ സെക്രട്ടറി. സമസ്തയുടെ നേതൃത്വത്തിലുള്ള മഹല്ലുകള്‍ നിയന്ത്രിക്കുന്ന സംഘടനയാണു സുന്നി മഹല്ല് ഫെഡറേഷന്‍.
ഇരുവിഭാഗം സുന്നികള്‍ക്കിടയിലെ ഐക്യശ്രമത്തിനു സമസ്തയുടെ പക്ഷത്തു നിന്നു മുന്നില്‍ നില്‍ക്കുന്ന ഉമര്‍ ഫൈസിയെ അറിയിക്കാതെ എസ്എംഎഫിന്റെ യോഗം മുമ്പ് ഹൈദരലി ശിഹാബ് തങ്ങള്‍ പാണക്കാട്ടെ വസതിയില്‍ വിളിച്ചുചേര്‍ത്തത് തേജസ് റിപോര്‍ട്ട് ചെയ്തിരുന്നു. ഉമര്‍ ഫൈസിയെ നീക്കാനുള്ള ശ്രമം സമസ്ത യുവജന, വിദ്യാര്‍ഥി സംഘടനകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാനാണ് പരാജയപ്പെട്ടത്.
ഐക്യവുമായി ബന്ധപ്പെട്ട് ഇരു സമസ്തയും സംയുക്തമായി കഴിഞ്ഞ ദിവസം പുറത്താക്കിയ വാര്‍ത്താക്കുറിപ്പ് ലീഗ് മുഖപത്രമായ ചന്ദ്രിക ആദ്യ ദിവസം പ്രസിദ്ധീകരിച്ചിരുന്നില്ല.ഐക്യത്തിനു ശേഷം രൂപപ്പെടുന്ന സുന്നി സംഘടന ലീഗ് വിരുദ്ധമാവുമോ എന്ന ഭയമാണ് ലീഗ് നേതൃത്വത്തിനുള്ളത്. ലീഗിന്റെ വോട്ടുബാങ്കായ സമസ്ത വിലപേശല്‍ ശക്തിയായി മാറുമെന്ന പേടിയും ലീഗിനുണ്ട്.
അതിനാല്‍ ലീഗിലെ സമസ്ത അനുകൂലികളെ ഉപയോഗിച്ച് ഐക്യശ്രമം പൊളിക്കാനാണ് ലീഗ് ശ്രമിക്കുന്നത്. ഉമര്‍ ഫൈസിയെ പുറത്താക്കിയതിനെതിരേ എസ്‌വൈഎസ്, എസ്‌കെഎസ്എസ്എഫ് നേതാക്കളുടെ അടിയന്തര യോഗം ഇന്നു ചേരുമെന്നറിയുന്നു. സമസ്തയുടെ ആഭ്യന്തര കാര്യങ്ങളില്‍ ലീഗിനെയും ലീഗ് അധ്യക്ഷന്‍ എന്ന നിലയില്‍ ഹൈദരലി തങ്ങളെയും ഇടപെടാന്‍ അനുവദിക്കില്ലെന്ന നിലപാടാണു സമസ്തയ്ക്കും പോഷക സംഘടനകള്‍ക്കും.

RELATED STORIES

Share it
Top