സുന്നി ഐക്യത്തിന് തുടക്കമിട്ട് മുടിക്കോട് പള്ളിയില്‍ ഇന്ന് ജുമുഅ നടക്കും

മഞ്ചേരി: ഏറെക്കാലമായി രണ്ട് ധ്രുവങ്ങളിലായി കഴിഞ്ഞിരുന്ന ഇരു സുന്നി വിഭാഗങ്ങളുടെ ഐക്യ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട്  പന്തല്ലൂര്‍ മുടിക്കോട് മദാരിജുല്‍ ഇസ്‌ലാം സംഘത്തിന്റെ  ജുമാ മസ്ജിദ് തുറന്നു കൊടുത്തു.  പെരിന്തല്‍മണ്ണ ആര്‍ഡിഒ അജീഷ് കുന്നത്തിന്റെ ഉത്തരവുമായി എത്തിയ ഏറനാട് താലൂക്ക് ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ അലവിയാണ്  ഇന്നലെ രാവിലെ 10 മണിയോടെ പള്ളി തുറന്നു കൊടുത്തത്.  ഇന്ന് ജുമുഅ നമസ്‌ക്കാരം നടക്കും.
ഇരുവിഭാഗം സുന്നികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് 2017 ആഗസ്റ്റ് നാലിനാണ്  പള്ളി ഹൈക്കോടതി നിര്‍ദേശ പ്രകാരം പൂട്ടിയത്.   പെരിന്തല്‍മണ്ണ ആര്‍ഡിഒ അജീഷ് ഇതു സംബന്ധിച്ച് ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. എപി വിഭാഗത്തില്‍ നിന്ന് എട്ടു പേരും ഇകെ വിഭാഗത്തില്‍ നിന്ന് 10 പേരും സര്‍ക്കാര്‍ പ്രതിനിധിയായി റിസീവര്‍ ഏറനാട് ഇലക്ഷന്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ അലവിയുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. പ്രശ്‌നത്തില്‍ നാട്ടുമധ്യസ്ഥതയിലൂടെ പരിഹാരമുണ്ടാക്കണമെന്ന് ആര്‍ഡിഒ ഇരുവിഭാഗത്തോടും ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ 11നും 18നും മലപ്പുറം റസ്റ്റ് ഹൗസില്‍ നടന്ന സമവായ ചര്‍ച്ചകളിലാണ് ഫലം കണ്ടത്.     സുന്നി ഐക്യ ചര്‍ച്ചകള്‍ സജീവമായ സാഹചര്യത്തില്‍ മുടിക്കോട് പള്ളി തുറന്നത് നിര്‍ണ്ണായകമെന്നാണ് പൊതു വിലയിരുത്തല്‍.ജുമുഅ തുടങ്ങുന്നതിന്റെ ഭാഗമായി പള്ളി വൃത്തിയാക്കാന്‍ ഇരുനൂറോളം നാട്ടുകാരാണ് ഇന്നലെ ഒരുമിച്ചു കൂടിയത്.

RELATED STORIES

Share it
Top