സുന്നി ഐക്യം: സിപിഎം ആശങ്കയില്‍

പി വി മുഹമ്മദ് ഇഖ്ബാല്‍

കോഴിക്കോട്: പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇകെ-എപി സുന്നി വിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യ ചര്‍ച്ചകള്‍ സിപിഎമ്മിനെ ആശങ്കയിലാഴ്ത്തുന്നു. സമസ്തയിലെ പിളര്‍പ്പിനു ശേഷം ലീഗിനെ ഒതുക്കുന്നതിനും കഴിഞ്ഞകാല തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തുന്നതിനും ഇടതുമുന്നണിക്ക് കരുത്തുറ്റ ആയുധമായിരുന്നു സുന്നി വിഭാഗങ്ങളുടെ പിളര്‍പ്പ്. ഓരോ മഹല്ലിലുമുള്ള പാര്‍ട്ടി മെംബര്‍ഷിപ്പുള്ള മുസ്‌ലിംകളെ ഉപയോഗിച്ചായിരുന്നു സുന്നികളിലെ തര്‍ക്കങ്ങള്‍ക്കു മഹല്ലടിസ്ഥാനത്തില്‍ സിപിഎം മൂര്‍ച്ച കൂട്ടിയിരുന്നത്.
മഹല്ല് കമ്മിറ്റികള്‍ പിടിച്ചടക്കുന്നതിനുള്ള തര്‍ക്കങ്ങളില്‍ ഇടതുപക്ഷം ഭരിക്കുന്ന സമയങ്ങളില്‍ പോലിസിന്റെ സഹായവും സിപിഎം അകമഴിഞ്ഞു നല്‍കിയിരുന്നു. വര്‍ഷങ്ങളോളം പഴക്കമുള്ള ജുമഅത്ത് പള്ളികളും മദ്‌റസകളും സുന്നി തര്‍ക്കങ്ങളില്‍ ദീര്‍ഘകാലം അടച്ചുപൂട്ടി. മഹല്ല് കമ്മിറ്റികള്‍ പിടിച്ചടക്കുന്നതിനു മദ്‌റസകളില്‍ വിളിച്ചുചേര്‍ത്ത ജനറല്‍ ബോഡി യോഗങ്ങളില്‍ ആയുധങ്ങള്‍ കൊണ്ട് ഏറ്റുമുട്ടിയതിനാല്‍ നിരവധിയാളുകള്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു. ഇത്തരം സംഘട്ടനങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്കു സിപിഎമ്മും ലീഗും രക്തസാക്ഷി പരിവേഷം നല്‍കിയതോടെ സംഘര്‍ഷങ്ങള്‍ക്ക് മൂര്‍ച്ചയേറി.
ഇതിനിടെ ഇരു വിഭാഗത്തെയും രമ്യതയിലെത്തിക്കാന്‍ പൊതു സമ്മതരായ വ്യവസായികള്‍ ഉള്‍പ്പെടെ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു. ലീഗ് മുജാഹിദ് വിഭാഗങ്ങള്‍ക്കൊപ്പമാണെന്നു സിപിഎം പ്രചരിപ്പിച്ചു. ചില ലീഗ് നേതാക്കള്‍ മുജാഹിദ് സംഘടനയില്‍ സജീവ സാന്നിധ്യമായതു സിപിഎമ്മിനൊപ്പം നില്‍ക്കുന്ന സുന്നി വിഭാഗത്തെ പ്രകോപിപ്പിച്ചു. എപി വിഭാഗം സുന്നികളെ എന്തു വില കൊടുത്തും സംരക്ഷിക്കാന്‍ സിപിഎം തയ്യാറാണെന്ന് ടി കെ ഹംസയെ പോലുള്ള നേതാക്കള്‍ സമ്മേളനങ്ങളില്‍ പറഞ്ഞു. സിപിഎമ്മിന്റെ ഇത്തരം തന്ത്രങ്ങളെ രാഷ്ട്രീയമായി മഹല്ലടിസ്ഥാനത്തില്‍ നേരിടാന്‍ എടുത്തുചാടിയ മുസ്‌ലിംലീഗ് സി പിഎമ്മിന്റെ കെണിയില്‍ മൂക്കുകുത്തി വീണു. മുസ്‌ലിംകളിലെ പ്രബല വിഭാഗക്കാരായ സുന്നി വിഭാഗങ്ങളെ തന്ത്രപരമായി പിളര്‍ത്തിയതിലൂടെ സിപിഎമ്മിനു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും സുന്നി ലേബലില്‍ മുസ്‌ലിം നാമധാരികളെ എളുപ്പത്തില്‍ പറഞ്ഞയക്കാനായി. മുസ്‌ലിംകള്‍ക്കിടയില്‍ എസ്ഡിപിഐ സജീവ സാന്നിധ്യമായതോടെ സിപിഎം കൂടുതല്‍ ഭീതിയിലായി. സുന്നികള്‍ ഒന്നായി എപി വിഭാഗത്തെ കൂടി ഒപ്പം കിട്ടാതെ വന്നാല്‍ അടുത്ത തിരഞ്ഞെടുപ്പ് മുതല്‍ ഉദ്ദേശിച്ച ഫലം കിട്ടില്ലെന്നാണു സിപിഎമ്മിന്റെ വിലയിരുത്തല്‍. ഈ കാരണത്താല്‍ സുന്നികള്‍ എന്നല്ല, മുസ്‌ലിം സംഘടനകള്‍ ഐക്യപ്പെടരുതെന്നാണു പാര്‍ട്ടി നേതാക്കളുടെ താല്‍പര്യം. ഇതിനു വേണ്ടി സിപി എമ്മിനൊപ്പം നില്‍ക്കുന്ന സ്വതന്ത്ര എംഎല്‍എമാരെ ഉപയോഗിച്ച് ചരടുവലികള്‍ പാര്‍ട്ടി തുടങ്ങിക്കഴിഞ്ഞു.

RELATED STORIES

Share it
Top