സുന്നി ഐക്യം തകര്‍ക്കാന്‍ ലീഗ്; പ്രതിഷേധവുമായി സമസ്ത

ആബിദ്
കോഴിക്കോട്: സുന്നി ഐക്യശ്രമത്തിന് തുരങ്കം വയ്ക്കാന്‍ മുസ്‌ലിം ലീഗ് നേതൃത്വത്തില്‍ ശ്രമം. ഇതിന്റെ ആദ്യപടിയെന്നോണം ഐക്യ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സമസ്ത നേതാവിനെ ഒതുക്കാനുള്ള നീക്കങ്ങള്‍ മുസ്‌ലിം ലീഗ് നേതൃത്വത്തില്‍ തുടങ്ങിക്കഴിഞ്ഞു. സമസ്ത കേന്ദ്ര മുശവാറ അംഗവും സുന്നി ഐക്യ ചര്‍ച്ചകള്‍ക്കായി സമസ്ത നിശ്ചയിച്ച സമിതിയിലെ പ്രധാന അംഗവുമായ ഉമര്‍ ഫൈസി മുക്കത്തെ സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കാനുള്ള ശ്രമങ്ങളാണ് ലീഗിന്റെയും എസ്എംഎഫിന്റെയും സംസ്ഥാന പ്രസിഡന്റായ പാണക്കാട് ഹൈദരലി തങ്ങളെ മുന്നില്‍ നിര്‍ത്തി ലീഗ് നടത്തുന്നത്. ഇതിനായി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ഉമര്‍ ഫൈസിയെ അറിയിക്കാതെ എസ്എംഎഫ് സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് പാണക്കാട്ടെ വസതിയില്‍ ഹൈദരലി തങ്ങള്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
ലീഗിനെ അനുകൂലിക്കുന്നവരെയും ഹൈദരലി തങ്ങളെ അനുസരിക്കുന്നവരേയും മാത്രമേ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളു. ഫൈസിയെ നീക്കി പുതിയ സെക്രട്ടറിയെ നിയമിക്കാനാണ് യോഗം ചേരുന്നതെന്നറിഞ്ഞതോടെ സമസ്ത നേതൃത്വം ഇതിനെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍  ഇന്നലെ മലപ്പുറം സുന്നി മഹലില്‍ സമസ്ത ഫത്‌വാ കമ്മിറ്റി യോഗം ചേരുകയും ലീഗ് നീക്കത്തിനെതിരേ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. ജിഫ്രി തങ്ങളും ആലിക്കുട്ടി മുസ്്‌ല്യാരും ഹൈരദലി തങ്ങളെ നേരിട്ടു വിളിച്ചു ഇന്നത്തെ യോഗം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ലീഗ് എതിര്‍ത്തിട്ടും ഉമര്‍ ഫൈസിയുടെ നേതൃത്വത്തിലുള്ള സമസ്ത നേതാക്കള്‍ സുന്നി ഐക്യ ശ്രമവുമായി മുന്നോട്ടു പോയതാണ് ലീഗിനെ ചൊടിപ്പിച്ചത്. വഖഫ് അദാലത്ത് എന്ന പേരില്‍ ഇരു വിഭാഗം സുന്നിനേതാക്കള്‍ മന്ത്രി കെ ടി ജലീലിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിച്ചേരലില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് ലംഘിച്ചു  ഉമര്‍ ഫൈസിയുടെ നേതൃത്വത്തിലുള്ള സംഘം പരിപാടിയില്‍ പങ്കെടുത്തത് ലീഗ് നേതൃത്വത്തെ അലോസരപ്പെടുത്തിയിരുന്നു. സുന്നി ഐക്യശ്രമത്തിനു മധ്യസ്ഥം വഹിച്ചിരുന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ലീഗിന്റെ നിര്‍ദേശ പ്രകാരം അന്നത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
സമസ്തയോട് സുന്നി ഐക്യശ്രമത്തില്‍ നിന്നു പിന്മാറാന്‍ ലീഗ്  നേതൃത്വം ആവശ്യപ്പെട്ടിരുന്നെങ്കിലും സമസ്ത നേതൃത്വം ഇതിനെ അവഗണിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്ന് തവണ ഇരുവിഭാഗവും ഒരുമിച്ചിരുന്ന് ചര്‍ച്ചകള്‍ നടത്തി. ഇത് സുന്നി ഐക്യ നീക്കത്തില്‍ വലിയ പുരോഗതിയുണ്ടാക്കുകയും ചെയ്തു. ഇതിനെല്ലാം ജിഫ്രി തങ്ങളുടെ പൂര്‍ണ പിന്തുണയുമുണ്ടായിരുന്നെങ്കിലും നേതൃപരമായ പങ്ക് വഹിച്ചത് ഉമര്‍ ഫൈസിയായിരുന്നു.
ഫൈസിയെ ഒതുക്കുകുന്നതിലൂടെ സുന്നി ഐക്യനീക്കത്തെ ഒരു പരിധി വരെ തടയിടാനാവുമെന്നാണ് ലീഗിന്റെ കണക്കുകൂട്ടല്‍. മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്ത പാണക്കാട് തങ്ങന്‍മാരെ വിമര്‍ശിച്ചു മുക്കത്ത് നടന്ന ചടങ്ങില്‍ ഉമര്‍ ഫൈസി സംസാരിച്ചിരുന്നു. ഇതിനെതിരായ അച്ചടക്ക നടപടി എന്ന പേര് പറഞ്ഞ ഫൈസിയെ മാറ്റുക എന്നതാണ് ലീഗ് നേതത്വത്തിന്റെ ആലോചന. ഹൈദരലി തങ്ങളെ മറയാക്കി സമസ്തയുടെ പോഷക സംഘടനയില്‍ ഇടപെടാന്‍ അനുവദിക്കില്ലെന്ന് ലീഗ് നേതൃത്വത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് സമസ്ത നേതൃത്വം.
സമസ്തയുടെ ആഭ്യന്തര കാര്യങ്ങളില്‍ ലീഗിനെയും ലീഗ് അധ്യക്ഷന്‍ എന്ന നിലയില്‍ ഹൈദരലി തങ്ങളേയും  ഇടപെടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സമസ്തയും പോഷക സംഘടനകളും. ഇതു സമസ്ത ലീഗ് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തും.

RELATED STORIES

Share it
Top