സുനില്‍ വധക്കേസ്: 8 പേര്‍ക്ക് ജീവപര്യന്തം

തിരുവനന്തപുരം: കണ്ണമ്മൂലയില്‍ സിഐടിയു തൊഴിലാളിയായിരുന്ന സുനില്‍ ബാബു(27)വിനെ വെട്ടിക്കൊന്ന കേസില്‍ എട്ടു പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷവിധിച്ചു. കേസിലെ ഒന്നുമുതല്‍ നാലുവരെ പ്രതികള്‍ക്കു രണ്ടുലക്ഷം രൂപ വീതം പിഴ അടയ്ക്കണം. എന്നാല്‍ അഞ്ചുമുതല്‍ എട്ടുവരെ പ്രതികള്‍ക്കു ഗൂഢാലോചന നടത്തിയതിനു ജീവപര്യന്തം ശിക്ഷ മാത്രമാണു നല്‍കിയത്. പ്രതികള്‍ നല്‍കാനുള്ള പിഴ തുകയായ എട്ടുലക്ഷം രൂപയില്‍ നിന്ന് അഞ്ചുലക്ഷം രൂപ മരണപ്പെട്ട സുനില്‍ ബാബുവിന്റെ ആശ്രിതര്‍ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. കൂറുമാറിയ സാക്ഷികള്‍ക്കെതിരേ കോടതി സ്വമേധയാ കേസെടുത്തു. തിരുവനന്തപുരം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി പി സീതയുടേതാണ് ഉത്തരവ്.
കണ്ണമ്മൂല പുത്തന്‍പാലം തോട്ടുവരമ്പില്‍ രാജന്‍ എന്ന സജിത്ത് (32), കണ്ണമ്മൂല കളവരമ്പില്‍ വീട്ടില്‍ ഗബ്രി അരുണ്‍ എന്ന അരുണ്‍ (26), കിച്ചു എന്ന വിനീത് (26), മാലി അരുണ്‍ എന്ന അനീഷ്(26) എന്നിവര്‍ക്കു കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം കഠിനതടവും ദേഹോപദ്രവം ചെയ്തതിന് 10 വര്‍ഷം കഠിനതടവും അന്യായ തടസ്സം ചെയ്തതിനു വെറും തടവും അനുഭവിക്കണം.
ഗൂഢാലോചനയ്ക്കു ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപവീതം പിഴയും ശിക്ഷ വിധിച്ചു. പിഴത്തുക അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. കേസിലെ അഞ്ചുമുതല്‍ എട്ടുവരെ പ്രതികളായ കാരി ബിനു എന്ന ബിനുരാജ് (39), കള്ളന്‍ സജു എന്ന സജു(38), പോറി സജി എന്ന സജി(38), കൊപ്ര സുരേഷ് എന്ന സുരേഷ് (38), ഇവര്‍ക്കു ഗൂഢാലോചനയ്ക്ക് ജീവപര്യന്തം കഠിനതടവും ശിക്ഷവിധിച്ചു. കേസില്‍ പ്രതിചേര്‍ത്ത പ്രവീണിനെ കഴിഞ്ഞദിവസം കോടതി വെറുതെവിട്ടിരുന്നു.
2015 ഡിസംബര്‍ 13നാണ് സുനില്‍ ബാബു ആക്രമിക്കപ്പെട്ടത്. ബൈക്കുകളിലും കാറിലുമായി സംഘംചേര്‍ന്നെത്തിയ പ്രതികള്‍ രാത്രി ഏഴരയോടെ സുനില്‍ ബാബുവിനെ ആക്രമിക്കുകയായിരുന്നു. രണ്ടുദിവസം കഴിഞ്ഞ് ആശുപത്രിയില്‍ വച്ച് സുനില്‍ ബാബു മരിക്കുകയും ചെയ്തു. കുപ്രസിദ്ധ ഗുണ്ട ഡിനി ബാബുവിന്റെ സഹോദരനാണ് കൊല്ലപ്പെട്ട സുനില്‍ ബാബു. നേരത്തേ ശിക്ഷിച്ച എട്ടു പ്രതികളെയും കോടതി കുറ്റക്കാര്‍ എന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ ഒന്നുമുതല്‍ നാലുവരെ പ്രതികള്‍ ജാമ്യം ലഭിക്കാത്തതു കാരണം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരുന്നു. ഇന്നലെ കോടതിയില്‍ പ്രോസിക്യൂഷന്‍ പ്രതികള്‍ക്ക് തൂക്കുകയര്‍ നല്‍കണമെന്നു വാദിച്ചു. എന്നാല്‍ പ്രതികള്‍ക്കു സംശയത്തിന്റെ ആനുകൂല്യം നല്‍കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി പരിഗണനയില്‍ എടുത്തു. കേസ് വിചാരണയില്‍ സാഹചര്യത്തെളിവുകള്‍ മാത്രമാണ് പ്രോസിക്യൂഷന്‍ ആശ്രയിച്ചത്. പ്രതികളുടെ വസ്ത്രങ്ങളിലെ രക്തക്കറ കൊല്ലപ്പെട്ട സുനില്‍ ബാബുവിന്റേതാണെന്ന് ശാസ്ത്രീയമായ പരിശോധനയിലൂടെ തെളിഞ്ഞിരുന്നു. ഇതു കോടതിക്ക് വിചാരണാവേളയില്‍ ഏറെ സഹായകമായി. പ്രതികള്‍ ഫോണിലൂടെ ഗൂഢാലോചന നടത്തിയതിനു തെളിവായി പ്രതികളുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. 114 രേഖകളും 31 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. 50 സാക്ഷികളെയും വിസ്തരിച്ചിരുന്നു. ഇതില്‍ 11 സാക്ഷികള്‍ കൂറുമാറിയിരുന്നു.

RELATED STORIES

Share it
Top