സുനാമി ദുരന്തത്തിന് നാളെ 13 വയസ്

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: കഴിഞ്ഞ മാസം 30ന് വീശിയടിച്ച ഓഖി ചുഴലിക്കാറ്റിന്റെ കെടുതികളില്‍ നിന്നും മുക്തമാകാന്‍ ശ്രമിക്കുകയാണ് തീരവാസികള്‍. എന്നാല്‍ ഇതിനേക്കാള്‍ വലിയ ദുരന്തം 12 വര്‍ഷം മുമ്പ് നേരിട്ടവരാണ് കൊല്ലത്തേയും സമീപ ജില്ലകളിലേയും തീരവാസികള്‍. 2004 ഡിസംബര്‍ 26ന് ആഞ്ഞടിച്ച സുനാമി തിരമാലകളില്‍ കൊല്ലത്തിന് നഷ്ടമായത് 130 ജീവനുകളാണ്.
ഇന്തോനീസ്യയിലെ സുമാത്രയില്‍ കടലിനടിയില്‍ രാവിലെ 6.29ന് റിക്ടര്‍ സ്‌കെയിലില്‍ 9.0 രേഖപ്പെടുത്തിയ ഒരു ഭൂകമ്പമാണ് ഇന്ത്യന്‍ തീരങ്ങളെ ഉള്‍പ്പടെ പിടിച്ച് കുലുക്കിയ സുനാമിയായി പരിണമിച്ചത്.  ഇന്തോനീസ്യ—ന്‍ ദീപസമൂഹങ്ങള്‍ മുതല്‍ ചെന്നൈ തീരം വരേയും ആന്തമാന്‍ നിക്കോബാര്‍ ദീപ സമൂഹങ്ങള്‍ മുതല്‍ സൊമാലിയ വരേയുമുള്ള തീരപ്രദേശങ്ങളില്‍ ഭൂകമ്പം മൂലം ഉണ്ടായ സുനാമി വന്‍ നാശമാണ് വിതച്ചത്.
ഇന്തോനീസ്യയിലും ശ്രീലങ്കയിലും ഇന്ത്യയിലുമായി സുനാമി ഏകദേശം രണ്ട് ലക്ഷത്തോളം ജീവനുകളാണ് അപഹരിച്ചത്. കേരളത്തില്‍ കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലയില്‍ നിന്നായി 171 പേരും മരണമടഞ്ഞു.  കൊല്ലം ജില്ലയിലെ ആലപ്പാടാണ് ഏറ്റവും കൂടുതല്‍ ജീവനുകള്‍ അപഹരിക്കപ്പെട്ടത്്. 130പേര്‍. ഇതില്‍ 129ഉം ആലപ്പാട് ഗ്രാമപ്പഞ്ചായത്തിലും ഒരാള്‍ ശക്തികുളങ്ങരയിലും. സര്‍ക്കാര്‍ കണക്ക് പ്രകാരം കേരളത്തിന് പുറത്ത് 32 മലയാളികള്‍ മരിച്ചിട്ടുണ്ട്.
ദുരന്തത്തില്‍ കൊല്ലം ജില്ലയില്‍ 1500ഓളം പേര്‍ക്ക്  പരിക്കേല്‍ക്കുകയും 4930 വീടുകള്‍  തകരുകയും ചെയ്തു.  5452 പേര്‍ക്ക് മല്‍സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടു. എന്നാല്‍  ദുരന്തത്തിന് നാളെ 13 വയസ് തികയുന്ന ഈ സന്ദര്‍ഭത്തിലും സര്‍ക്കാരിന്റെ പക്കല്‍ ഇക്കാര്യത്തില്‍ കൃത്യമായ കണക്കില്ല. സുനാമി ഏറ്റവും കൂടുതല്‍ നാശം വിതച്ച അലപ്പാട് പഞ്ചായത്തില്‍ 129പേര്‍ മരിച്ചതായി സര്‍ക്കാര്‍ പറയുമ്പോള്‍ 142 പേര്‍ മരിച്ചതായാണ് നാട്ടുകാരുടേയും പഞ്ചായത്ത് അധികൃതരുടേയും പക്ഷം.
ഇതനുസരിച്ച് മരിച്ചവരുടെയെല്ലാം ഫോട്ടോ പ്രദര്‍ശിപ്പിച്ച് നാട്ടുകാര്‍ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണചടങ്ങുകള്‍ നടത്തുകയും ചെയ്തിരുന്നു. മരിച്ചതില്‍ 23 പേര്‍ പുരുഷന്‍മാരും, 43 സ്ത്രീകളും, 27 ആണ്‍കുട്ടികളും, 36 പെണ്‍കുട്ടികളുമാണ്. സര്‍ക്കാര്‍ സ്വന്തം കണക്കില്‍ തന്നെ ഉറച്ച് നില്‍ക്കുമ്പോള്‍ ബാക്കിയുള്ള 13 പേരുടെ കുടുംബങ്ങള്‍ക്ക് ഇന്നും ദുരിതാശ്വാസ തുക അന്യമാവുകയാണ്.
സുനാമി ദുരന്ത ബാധിത പ്രദേശമായ ജില്ലയിലെ ആലപ്പാട് പഞ്ചായത്ത് ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്. ആലപ്പാട്, ശ്രായിക്കാട്, കഴുകന്‍ തുരുത്ത്, പറയകടവ്, അഴീക്കല്‍, ആയിരംതെങ്ങ്, ക്ലാപ്പന തുടങ്ങിയ  തീരദേശ ഗ്രാമങ്ങളെല്ലാം തന്നെ വെറും പത്ത് നിമിഷം കൊണ്ടാണ് സുനാമിയില്‍ ചെളിക്കൂനകുളുടേയും കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളുടേയും മരണഭൂമിയായി മാറിയത്. അഴീക്കല്‍ നെടുകെ പിളര്‍ന്നു, ടിഎസ് കനാല്‍ ഒരു മരണക്കുഴിയായി.
സംഹാര രുദ്രമായ സുനാമി തിരമാലകള്‍ ആലപ്പാട് പഞ്ചായത്തിനെ നാമാവിശേഷമാക്കി. ഇവിടെ മാത്രം ആറു മാസം മുതല്‍ 60 വയസുവരെ പ്രായമുള്ള 129 ജീവനുകള്‍ കവര്‍ന്നപ്പോള്‍ ബാക്കിവച്ചത് വിരഹവും ദൈന്യതയും ദുംഖങ്ങളുമാണ്. കേരളത്തില്‍ സുനാമി ഏറ്റവും കൂടുതല്‍ ജീവനുകള്‍ അപഹരിച്ചത് ആലപ്പാട് പഞ്ചായത്തില്‍ തന്നെയാണ്. 13 കിലോ മീറ്റര്‍ ദൂരത്തില്‍ 3271 വീടുകള്‍ പൂര്‍ണമായും 1224 വീടുകള്‍ ഭാഗികമായും  കടലെടുത്തത്.
ആയിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ ഇതെല്ലാം മറന്ന് ഇന്ന് ആലപ്പാട് ഒരു പുതിയ ജീവിതത്തിലൂടെ മുന്നേറുകയാണ്. ദുരന്തത്തില്‍ വീടു നഷ്ടപ്പെട്ടവരില്‍ ഭൂരിഭാഗം പേര്‍ക്കും വീടുകള്‍ ലഭിച്ചു കഴിഞ്ഞു. 4000ത്തോളം വീടുകളാണ് ഇവിടെ നിര്‍മാണം പൂര്‍ത്തീകരിച്ച് വിതരണം ചെയ്തിട്ടുള്ളത്. ഇതില്‍ 2910 വീടുകള്‍ സന്നദ്ധ സംഘടനകള്‍ നിര്‍മിച്ച് നല്‍കിയവയാണ്.
827 വീടുകള്‍ ഭൂമിയുള്ളവര്‍ക്ക് സര്‍ക്കാര്‍ ധനസഹായമായ മൂന്ന് ലക്ഷം രൂപ വിനിയോഗിച്ചാണ്. കൂടാതെ 250 വീടുകള്‍ നിര്‍മിച്ചു നല്‍കിയത് മഹാരാഷ്ട്ര സര്‍ക്കാരാണ്.
ആലപ്പാട് പഞ്ചായത്തിനെ പുറം ലോകവുമായി ബന്ധപ്പിക്കുന്നതിനുള്ള ഏക പാലമായിരുന്ന പണിക്കര്‍കടവ് പാലത്തിന് പകരം ഇന്ന് മറ്റ് രണ്ട് പാലം കൂടി ഉയര്‍ന്നു. ആലുംകടവ് പാലവും അഴീക്കല്‍-ആയിരം തെങ്ങ് പാലവും. അതേസമയം, സുനാമി ദുരന്തത്തില്‍ നിന്നും 129 ജീവനുകള്‍ നഷ്ടപ്പെട്ട ആലപ്പാടുകാര്‍ ഇന്ന് അവയെല്ലാം മറക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു കാര്യം ഇന്നും അവര്‍ക്കു മുന്നില്‍ ഒരു ചോദ്യചിഹ്നമായി നില്‍ക്കുന്നു.
ഇനിയൊരു സുനാമി ഉണ്ടായാല്‍ അതിജീവിക്കാനുള്ള ശേഷി ആലപ്പാടിനുണ്ടോ? അതോ വീണ്ടും 2004 ഡിസംബര്‍ 26 ന്റെ തനിയാവര്‍ത്തനം ആകുമോ? ഉത്തരം നല്‍കേണ്ടത് സര്‍ക്കാരാണ്.
സുനാമി ദുരന്തത്തിന്റെ പേരില്‍ സര്‍ക്കാരിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നെത്തിയത് കോടികളാണ്. അവയെല്ലാം ആലപ്പാട് ഉള്‍പ്പടെയുള്ള സുനാമി ബാധിത പ്രദേശങ്ങളില്‍ ഫലപ്രദമായി വിനയോഗിക്കാന്‍ കഴിഞ്ഞിട്ടുണ്ടേ. സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണം. ദുരന്തബാധിതരെ സഹായിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു പുനരധിവാസം. പുനരധിവാസം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് അവകാശപ്പെടുന്ന ഭരണാധികാരികള്‍ ഒരു കാര്യം ഓര്‍ക്കണം. പുനരധിവാസ പ്രവര്‍ത്തനത്തിലെ വീടു വയ്ച്ചു നല്‍കിയതില്‍ സിംഹഭാഗവും സന്നദ്ദ സംഘടനകളാണ്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും രണ്ട് ദിവസത്തെ ശമ്പളം ഉള്‍പ്പടെ സംഭാവനയായി ആവശ്യപ്പെടുമ്പോള്‍ ഇതെല്ലാം ദുരിത ബാധിതരിലേക്ക് എത്തുമോ അതോ സുനാമി ഫണ്ടുപോലെ മാറുമോ എന്നാണ് തീരദേശ വാസികള്‍ ചോദിക്കുന്നത്.

RELATED STORIES

Share it
Top