സുനാമിയില്‍ കാണാതായ ബാലന്റെ മരണം സ്ഥിരീകരിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍കോട്്: 2004 ഡിസംബര്‍ 27ന് കീഴൂര്‍ കടപ്പുറത്ത് സുനാമിത്തിരമാലയില്‍പെട്ട് കാണാതായ ബേക്കല്‍ കൂനിക്കൂട്ടക്കാര്‍ വീട്ടില്‍ ബാലന്‍ മരിച്ചതായി സ്ഥിരീകരിക്കുന്ന സാക്ഷ്യപത്രം ജില്ലാകലക്ടര്‍ ഒരു മാസത്തിനകം ആശ്രിതര്‍ക്ക് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
13 വര്‍ഷം കഴിഞ്ഞിട്ടും സാക്ഷ്യപത്രത്തിന്റെ അഭാവത്തില്‍ ഒരു കുടുംബത്തിന് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ പറഞ്ഞു.
ബാലന്റെ കുടുംബത്തിന് അര്‍ഹതപ്പെട്ട എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നതിനുവേണ്ട നടപടികള്‍ ജില്ലാ ഭരണകൂടവും ഫിഷറീസ് വകുപ്പും ചെമനാട് പഞ്ചായത്തും സ്വീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
മല്‍സ്യതൊഴിലാളി ക്ഷേമസംഘത്തില്‍ 646-ാം നമ്പര്‍ അംഗമായിരുന്ന ബാലന്‍ 2004- 2005 വര്‍ഷത്തെ ഇന്‍ഷ്വറന്‍സ് പ്രീമിയം അടച്ചില്ലെന്ന പേരില്‍ ആനുകൂല്യം നല്‍കാതിരിക്കുന്നത് തെറ്റാണെന്നും കമ്മീഷന്‍ ചൂണ്ടികാണിച്ചു. ഇക്കാ  ര്യത്തില്‍ സംഘം ഡയറക്ടര്‍ ബോര്‍ഡും സര്‍ക്കാരും ഉദാരസമീപനം കൈക്കൊള്ളണം.
ബാലന്റെ കുടുംബാംഗങ്ങള്‍ക്ക് മരണാനന്തര ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആവശ്യമായ മരണം സ്ഥിതീകരിക്കുന്ന സാക്ഷ്യപത്രം നല്‍കേണ്ടത് റവന്യൂവകുപ്പാണെന്നും മരണസര്‍ട്ടിഫിക്കേറ്റ് നല്‍കേണ്ടത് പഞ്ചായത്താണെന്നും പോലിസ് റിപോര്‍ട്ടില്‍ പറയുന്നു. നാളിതുവരെ പഞ്ചായത്ത്, റവന്യൂവകുപ്പുകള്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചില്ലെന്ന പോലിസ് റിപോര്‍ട്ട് ഗൗരവതരമാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
2014 നവംബര്‍ 10ന് റവന്യൂവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം മൃതശരീരം പോലും ലഭ്യമാകാതെ കടലില്‍ അപ്രത്യക്ഷരാകുന്ന തൊഴിലാളി കുടുംബങ്ങള്‍ക്ക് ആനുകൂല്യം നല്‍കാമായിരുന്നുവെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. ഇന്ത്യന്‍ തെളിവ് നിയമത്തിലെ 108-ാം വകുപ്പ് ഇക്കാര്യത്തില്‍ വളരെ വ്യക്തമാണ്.  ബാലന്‍ ഇപ്പോഴും ജീവിച്ചിരുപ്പുണ്ടെങ്കില്‍ പോലിസ് കേസ് പ്രകാരം അത് തെളിയിക്കേണ്ട ബാധ്യത സര്‍ക്കാരിനായിരുന്നു.
ഇന്ദിര വിഎസ് യൂനിയന്‍ ഓഫ് ഇന്ത്യ, മറിയാമ്മ സാമൂവല്‍ വിഎസ് സ്റ്റേറ്റ് ഓഫ് കേരള എന്നീ കേസുകളില്‍ ഏഴ് വര്‍ഷത്തിനപ്പുറം അപ്രത്യക്ഷരാവുകയും പോലിസ് അനേ്വഷണത്തില്‍ തുമ്പുണ്ടാകാതെ പോകുകയും ചെയ്യുന്ന കേസുകളില്‍ മരണം സ്ഥിരീകരിച്ച് മരണാനന്തര ആനുകൂല്യങ്ങള്‍ നല്‍കാന്‍ കേരള ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്ന് കമ്മീഷന്‍ അംഗം ഉത്തരവില്‍ പറഞ്ഞു.

RELATED STORIES

Share it
Top