സുനന്ദ പുഷ്‌കറിന്റെ മരണം: തരൂര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. ഹരജി ഇന്നു രാവിലെ 10ന് ഡല്‍ഹി പട്യാല ഹൗസ് കോടതി പരിഗണിക്കും. കേസില്‍ ശനിയാഴ്ച നേരിട്ട് ഹാജരാവണമെന്നു പട്യാല ഹൗസ് അഡീഷനല്‍ ചീഫ് മെട്രൊ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍ വിശാല്‍ കഴിഞ്ഞ മാസം തരൂരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് തരൂര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹരജി നല്‍കിയത്.
പത്‌നി സുനന്ദാ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഗാര്‍ഹിക പീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങള്‍ തരൂരിനെതിരേ ചുമത്തിയിരുന്നു. കേസില്‍ അന്വേഷണം പൂര്‍ത്തിയായി എന്നു കുറ്റപത്രത്തില്‍ പറയുന്നുണ്ടെന്നും ആരെയെങ്കിലും കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതെന്ന് തരൂരിന്റെ അഭിഭാഷകന്‍ പറഞ്ഞു. അറസ്റ്റ് നടപടികള്‍ ഇല്ലാതെയാണു കുറ്റപത്രം സമര്‍പ്പിച്ചതെങ്കില്‍ പ്രതികള്‍ ജാമ്യത്തിന് അര്‍ഹരാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍കൂര്‍ ജാമ്യം വേണമെന്ന തരൂരിന്റെ ആവശ്യം സംബന്ധിച്ച് ഇന്ന് നിലപാട് അറിയിക്കണമെന്ന് ഡല്‍ഹി പോലിസിന്, ജഡ്ജി അരവിന്ദ് കുമാര്‍ നിര്‍ദേശം നല്‍കി.
കഴിഞ്ഞമാസം ആദ്യമാണ് ശശി തരൂരിനെ പ്രതിചേര്‍ത്ത് ഡല്‍ഹി പോലിസ് സമര്‍പ്പിച്ച കുറ്റപത്രം അഡീഷനല്‍ ചീഫ് മെട്രൊ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഫയലില്‍ സ്വീകരിച്ചത്.

RELATED STORIES

Share it
Top