സുനന്ദ പുഷ്‌കറിന്റെ മരണം; ശശി തരൂരിനെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം

സിദ്ദീഖ്  കാപ്പന്‍
ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ശശി തരൂരിനെ പ്രതി ചേര്‍ത്ത് ഡല്‍ഹി പോലിസിന്റെ കുറ്റപത്രം. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ഡല്‍ഹി പോലിസ് ശശി തരൂരിന് മേല്‍ ചാര്‍ത്തിയിരിക്കുന്നത്. പത്തു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് കുറ്റപത്രത്തില്‍ തരൂരിനെതിരേ ചുമത്തിയിരിക്കുന്നത്.
ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ധര്‍മേന്ദ്ര സിങ് മുമ്പാകെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തരൂരിനെതിരേ ആത്മഹത്യാ പ്രേരണയ്ക്കുള്ള 306, ഗാര്‍ഹിക പീഡനത്തിനുള്ള 498 എ വകുപ്പുകളാണ് ഡല്‍ഹി പോലിസ് ചുമത്തിയിരിക്കുന്നത്. ശശി തരൂരിനെ പ്രതിയാക്കി വിളിച്ചുവരുത്തണമെന്നും പോലിസ് കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ മെയ് 24ന് വാദം കേള്‍ക്കും. 3000 പേജുള്ള കുറ്റപത്രത്തില്‍ തരൂര്‍ ഭാര്യയോട് പെരുമാറിയിരുന്നത് അതിക്രൂരമായിട്ടായിരുന്നുവെന്ന് ആരോപിക്കുന്നു.
അതേസമയം, ഡല്‍ഹി പോലിസിന്റെ കുറ്റപത്രത്തെ യുക്തിരഹിതമെന്നാണു തരൂര്‍ വിശേഷിപ്പിച്ചത്.
എന്നാല്‍, സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കുറ്റപത്രം തയ്യാറാക്കിയത് ഫോറന്‍സിക്, മെഡിക്കല്‍, നിയമവശങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണെന്നാണ് ഡല്‍ഹി പോലിസ് പറഞ്ഞത്.

RELATED STORIES

Share it
Top