സുനന്ദയുടെ മരണം: ശശി തരൂരിന് മുന്‍കൂര്‍ ജാമ്യം

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണം സംബന്ധിച്ച കേസില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ എംപിക്ക് മുന്‍കൂര്‍ ജാമ്യം. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം. അനുമതിയില്ലാതെ വിദേശത്തേക്കു പോവരുതെന്നും ഉപാധികളിലുണ്ട്. തരൂര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ച് പട്യാല ഹൗസ് കോടതി ജഡ്ജി അരവിന്ദ് കുമാറാണ് ജാമ്യം അനുവദിച്ചത്.
തരൂരിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ ഡല്‍ഹി പോലിസ് എതിര്‍ത്തിരുന്നു. തരൂര്‍ സമൂഹത്തില്‍ ഏറെ സ്വാധീനമുള്ള ആളാണെന്നും സാക്ഷികളെ സ്വാധീനിക്കാനും വിദേശത്തേക്കു കടക്കാനും സാധ്യതയുണ്ടെന്നും പോലിസ് വാദിച്ചു.
എന്നാല്‍, ഈ വാദവും കുറ്റപത്രത്തിലെ വാദവും തമ്മില്‍ വൈരുധ്യമുണ്ടെന്നായിരുന്നു തരൂരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും അഭിഷേക് മനു സിങ്‌വിയും ചൂണ്ടിക്കാട്ടിയത്.
അന്വേഷണവുമായി സഹകരിച്ചതുകൊണ്ടാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാതിരുന്നതെന്ന് ഡല്‍ഹി പോലിസ് കുറ്റപത്രത്തില്‍ പറയുന്നുണ്ടെന്നാണ് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയത്. കേസിലെ ഏകപ്രതിയായ തരൂരിനെതിരേ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ഡല്‍ഹി പോലിസ് ചുമത്തിയിരിക്കുന്നത്. കേസില്‍ അദ്ദേഹത്തോട് നാളെ നേരിട്ടു ഹാജരാവാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

RELATED STORIES

Share it
Top