സുനന്ദയുടെ മരണംകേസ് പ്രത്യേക കോടതിയിലേക്കു മാറ്റി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ പ്രത്യേക കോടതിയിലേക്കു മാറ്റി. കേസില്‍ ശശി തരൂരിനെ പ്രതിസ്ഥാനത്തു നിര്‍ത്തി ഡല്‍ഹി പോലിസ് കഴിഞ്ഞ മെയ് 14ന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ശശി തരൂര്‍ സിറ്റിങ് എംപിയായത് കൊണ്ട് രാഷ്ട്രീയക്കാരുടെ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയിലേക്ക് മാറ്റുന്നു എന്നാണ് ഇന്നലെ കേസ് പരിഗണിച്ച മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് ധര്‍മേന്ദ്ര സിങ് വ്യക്തമാക്കിയത്. കേസില്‍ അഡീഷനല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍ വിശാലിന്റെ കോടതി മെയ് 28ന് വാദം കേള്‍ക്കും.
ഡല്‍ഹി പോലിസ് സമര്‍പ്പിച്ച 3000 പേജുള്ള കുറ്റപത്രത്തില്‍ ശശി തരൂരിനെതിരേ ആത്മഹത്യാ പ്രേരണയ്ക്കും ഗാര്‍ഹിക പീഡനത്തിനുമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നാലു വര്‍ഷം നീണ്ടുനിന്ന അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് കേസില്‍ ശശി തരൂരിനെ പ്രതിയാക്കി ഡല്‍ഹി പോലിസ് കുറ്റപത്രം തയ്യാറാക്കിയത്. തരൂരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി വിളിച്ചു വരുത്തി വിചാരണ ചെയ്യണമെന്നും പോലിസ് ആവശ്യപ്പെട്ടിരുന്നു.
പത്തുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ആത്മഹത്യാ പ്രേരണയ്ക്കുള്ള 306, ഗാര്‍ഹിക പീഡനത്തിനുള്ള 498 എ വകുപ്പുകളാണ് പോലിസ് ചുമത്തിയത്.
2014 ജനുവരി 17നാണ് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ ഡല്‍ഹിയിലെ ആഡംബര ഹോട്ടലിലെ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

RELATED STORIES

Share it
Top