സുധാകരന്‍ നിരാഹാരം അവസാനിപ്പിക്കുമെന്ന് സൂചനകണ്ണൂര്‍ : ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവ് കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ സുധാകരന്‍ നടത്തിവരുന്ന നിരാഹാര സമരം ഉടന്‍ അവസാനിപ്പിച്ചേക്കുമെന്ന് സൂചന. ഇന്നു വൈകീട്ട് തിരുവന്തപുരത്ത് ചേരുന്ന കോണ്‍ഗ്രസ് നേതൃയോഗം ഇതു സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് റിപോര്‍ട്ടുകള്‍.
ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ഇല്ലെന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ചതോടെ നിരാഹാരം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്.
നിരാഹാര സമരം തുടരണോ എന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും സുധാകരന്‍ ഇന്ന് വ്യക്തമാക്കിയിരുന്നു. ഗാന്ധിയന്‍ സമരത്തിന്റെ അന്തഃസത്ത കിരാതന്മാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ ആകില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു.
സമരം സംബന്ധിച്ച് കോണ്‍ഗ്രസ്സും വിഷമവൃത്തത്തിലാണ്. സമരം പാര്‍ട്ടി അണികള്‍ക്ക് ആവേശം പകര്‍ന്നെങ്കിലും സിബിഐ അന്വേഷണപ്രഖ്യാപനം അനന്തമായി നീളുന്നതിനാല്‍ യുഡിഎഫ് നേതൃത്വവും ത്രിശങ്കുവിലാണ്. ഇന്നലെ കണ്ണൂരില്‍ ചേര്‍ന്ന ഡിസിസി നേതൃയോഗം സമരത്തിന്റെ ഭാവിസംബന്ധിച്ച അന്തിമ തീരുമാനം സംസ്ഥാന നേതൃത്വത്തിനു വിടുകയായിരുന്നു. സംസ്ഥാന നേതൃത്വം സമരം നിര്‍ത്താന്‍ ആവശ്യപ്പെടുന്ന പക്ഷം പിന്‍വലിച്ച് നിയമപോരാട്ടത്തിലൂടെ സിബിഐയെ എത്തിക്കാമെന്ന ധാരണയാണു യോഗത്തിലുയര്‍ന്നത്. ഇതോടെ സംസ്ഥാനത്ത് കൊലപാതകരാഷ്ട്രീയത്തിനെതിരേ ശക്തമായ പ്രതിഷേധത്തിനു വഴിയൊരുക്കിയ സമരം മുഖ്യ ആവശ്യം നേടിയെടുക്കാനാവാതെ പിന്‍വലിക്കേണ്ടിവരും.
സമരത്തില്‍ കോണ്‍ഗ്രസ്സിന്റെ ആരോപണങ്ങള്‍ ഓരോന്നായി തകര്‍ന്നതും പ്രതിസന്ധിയുണ്ടാക്കി. ആദ്യഘട്ടത്തില്‍ ജയിലില്‍ നിന്നു പരോളിലിറങ്ങിയവരാണ് കൃത്യം ചെയ്തതെന്നായിരുന്നു സുധാകരന്‍ അടക്കമുള്ളവരുടെ വാദം. പിടികൂടിയത് ഡമ്മി പ്രതികളെയാണെന്നു പ്രചരിപ്പിച്ചുവെങ്കിലും കോണ്‍ഗ്രസ്സുകരായ ദൃക്‌സാക്ഷികള്‍ തന്നെ തിരിച്ചറിയല്‍ പരേഡില്‍ പ്രതികളെ തിരിച്ചറിഞ്ഞതോടെ അതും അംഗീകരിക്കേണ്ടിവന്നു. കേസില്‍ യുഎപിഎ ചുമത്തണമെന്ന ആവശ്യവും പൊടുന്നനെ പിന്‍വലിച്ചു. അവസാനമായി സിബിഐ അന്വേഷണം കൂടി പ്രഖ്യാപിക്കാതെ സമരം പിന്‍വലിച്ചാല്‍ കോണ്‍ഗ്രസ്സിനും യുഡിഎഫിനും ക്ഷീണമാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

RELATED STORIES

Share it
Top