സുധാകരന്റെ രാഷ്ട്രീയ ശൈലിയുടെ അപകടം ജനം തിരിച്ചറിഞ്ഞു: പി ജയരാജന്‍

കണ്ണൂര്‍: സംഘപരിവാരത്തെയും സംഘപരിവാരത്തിനെതിരേ പൊരുതുന്ന സിപിഎമ്മിനെയും ഒരുപോലെ കണക്കാക്കുമെന്ന കെ സുധാകരന്റെ രാഷ്ട്രീയ ശൈലിയുടെ അപകടം ജനങ്ങള്‍ തിരിച്ചറിഞ്ഞതായി സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍.
അതിന്റെ ഭാഗമായാണ് എടയന്നൂരില്‍ കൊല്ലപ്പെട്ട യുവാവ് പ്രതിനിധാനംചെയ്യുന്ന മതസംഘടനയുടെ പ്രസിദ്ധീകരണത്തില്‍ രാഷ്ട്രീയ ദുര്‍ഗുണങ്ങള്‍ നിറഞ്ഞ നേതാവെന്ന് സുധാകരനെ വിശേഷിപ്പിച്ചത്. ഈ നേതാവിന്റെ സാമീപ്യമാണ് ആക്രമണത്തിന്റെ വഴിയിലേക്ക് ചെറുപ്പക്കാരനെ തള്ളിവിട്ടതെന്ന് ലേഖനം അഭിപ്രായപ്പെട്ടിട്ടുണ്ട്. സംഘപരിവാര വിധേയത്തമാണ് സുധാകരന്റെ രാഷ്ട്രീയ ദുര്‍ഗുണങ്ങളില്‍ പ്രധാനം. ഈ അപകടകരമായ രാഷ്ട്രീയം താന്‍ ഇനിയും തുടരുമെന്നാണ് സുധാകരന്‍ ആവര്‍ത്തിക്കുന്നത്. ജനാധിപത്യവാദികളും മതനിരപേക്ഷവാദികളും ഇതിനെതിരേ പ്രതികരിക്കണം. ബിജെപി അഖിലേന്ത്യാ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് സുധാകരന്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപം ശരിയാണെന്ന് അദ്ദേഹത്തിന്റെ ഒടുവിലത്തെ വാര്‍ത്താസമ്മേളനവും തെളിയിക്കുന്നു. ആര്‍എസ്എസിനെതിരേ ഒന്നും പറയാതിരിക്കാനും സിപിഎമ്മിനെ ഫാഷിസ്റ്റ് പാര്‍ട്ടിയായി മുദ്രകുത്താനുമാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top